കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പി.വി.അൻവറിനെ സഹകരിപ്പിക്കാൻ കോഴിക്കോട്ട് നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ തീരുമാനം. എങ്ങനെ സഹകരിപ്പിക്കണമെന്നതും യു.ഡി.എഫ് പ്രവേശനവും സംബന്ധിച്ച് ധാരണയിലെത്താൻ ഘടകകക്ഷികളുമായും കോൺഗ്രസ് ഹെെക്കമാൻഡുമായും ചർച്ച നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ചുമതലപ്പെടുത്തി.
ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. വേണ്ടിവന്നാൽ വീണ്ടും ചർച്ച നടത്തും. അൻവർ ഉന്നയിക്കുന്ന കാര്യങ്ങൾ ഘടകകക്ഷികളുമായി പങ്കുവയ്ക്കുമെന്നും വ്യക്തമാക്കി.
യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കോഴിക്കോട്ടെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ബംഗാളിലെത്തി തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തുമെന്നും നിലമ്പൂരിൽ മത്സരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അൻവറിന് അനുകൂലമായി യോഗത്തിൽ ചർച്ചയുണ്ടായതെന്നാണ് വിവരം. അൻവറിനെ പിണക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും നേതാക്കൾ കരുതുന്നു.
ഹെെക്കമാൻഡിനെ
ബോദ്ധ്യപ്പെടുത്തും
കോൺഗ്രസിന് തൃണമൂലുമായുള്ള അഭിപ്രായ വ്യത്യാസമാണ് മുന്നണി പ്രവേശനത്തിന് തടസമാകുന്നത്. മുന്നണിയിലെടുത്താൽ അൻവർ ബാദ്ധ്യതയാകുമെന്ന് ചില നേതാക്കൾക്കും ഘടകകക്ഷികളിൽ ചിലർക്കും ആശങ്കയുണ്ട്. അതേസമയം, അൻവറിലൂടെ കെെവന്ന അവസരത്തെ വിട്ടുകളയുന്നത് ഉചിതമല്ലെന്നും യു.ഡി.എഫിൽ അഭിപ്രായമുണ്ട്. ഹെെക്കമാൻഡിനെ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. മാറിയ സാഹചര്യത്തിൽ പിണറായിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന അൻവറിനെ യു.ഡി.എഫ് കെെവിടില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |