തൃശൂർ (അരിമ്പൂർ): മകന്റെയും മരുമകളുടെയും പീഡനംമൂലം അഗതി മന്ദിരത്തിലേക്ക് താമസംമാറിയ മാതാപിതാക്കളിൽ പിതാവ് മരിച്ചു. മരണമറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. നാട്ടുകാരെത്തി അന്ത്യകർമ്മങ്ങൾ നടത്തിയത് വീടിന്റെ പോർച്ചിൽ. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസ് (79) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. മണലൂർ സാഞ്ചോസ് കെയർ ഹോമിലാണ് തോമസ് താമസിച്ചിരുന്നത്. കാഞ്ഞാണി കാരമുക്ക് കൃപാലയത്തിലാണ് ഭാര്യ റോസിലി.
പനിയെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ മരണമടഞ്ഞു. മരണവിവരം അഗതി മന്ദിരത്തിലുള്ളവർ മകൻ ജയ്‌സണെ അറിയിച്ചു. ഇതോടെ ഇയാളുടെയും ഭാര്യ റിൻസിയുടെയും ഫോണുകൾ സ്വീച്ച്ഓഫായി. അന്തിക്കാട് പൊലീസിന്റെ സഹായത്തോടെ മൃതദേഹം വീട്ടിലെത്തിച്ചു. അതിനു തൊട്ടുമുമ്പ് മകനും ഭാര്യയും വീട് പൂട്ടി പിറകുവശത്തുകൂടി മുങ്ങി. വീടിന്റെ പോർച്ചിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ എറവ് സെന്റ് തെരേസാസ് കപ്പൽപ്പള്ളി വികാരിയുടെ നേതൃത്വത്തിൽ അന്ത്യകർമ്മങ്ങൾ നടത്തി. വിലാപയാത്രയായി പള്ളിയിൽ എത്തിച്ച് സംസ്‌കരിച്ചു.
കഴിഞ്ഞ നവംബറിലാണ് തോമസും റോസിലിയും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയത്. തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതിയും നൽകി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇവരെ മണലൂരിലെ രണ്ട് അഗതി മന്ദിരങ്ങളിലാക്കിയത്. ഇതിനിടെ സബ് കളക്ടർ സ്വമേധയ കേസെടുത്തു. മകനെയും മരുമകളെയും വിളിച്ചുവരുത്തി നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മകനും മരുമകൾക്കുമൊപ്പം താമസിക്കുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് തോമസും റോസിലിയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ചെലവിനുള്ള തുക മകനോട് നൽകാൻ ഉത്തരവിട്ടിരുന്നു. മരുമകൾ റിൻസി റോസിലിയെ മർദ്ദിക്കാറുണ്ടെന്നും പറയുന്നു. മകൾ ജോയ്‌സി. മരുമകൻ വിൻസൻ.
അന്തിക്കാട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.
-അഖിൽ വി.മേനോൻ, സബ് കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |