ആലപ്പുഴ: ഹൗസ്ബോട്ട് മേഖലയിൽ ബോട്ടുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവാദം ഒഴിയുന്നില്ല. 2021ൽ പുതുക്കിയ ഇൻലാൻഡ് വെസൽ ആക്ട് പ്രകാരം ഇന്ത്യയിൽ എവിടെനിന്നും ലൈസൻസ് കരസ്ഥമാക്കി എവിടെയും പ്രവർത്തിക്കാമെന്ന നിയമമുണ്ടെന്നാണ് കൊടുങ്ങല്ലൂരിൽ നിന്ന് ലൈസൻസ് എടുത്തിട്ടുള്ള ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് യൂണിയന്റെ വിശദീകരണം. അതേസമയം, ലൈസൻസിന് പുറമേ, ആലപ്പുഴയിൽ ഓടാൻ പെർമിറ്റില്ലാത്ത ബോട്ടുകളെ ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ. പരിധിയിൽ കവിഞ്ഞ എണ്ണത്തിൽ ബോട്ടുകൾ വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്ത് നിന്നുള്ള ജലയാനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിച്ചിരുന്നതെന്നും, നിയമവിരുദ്ധ സഹായം നൽകുവാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഓണേഴ്സ് അസോസിയേഷൻ ആരോപിച്ചു.
കൊടുങ്ങല്ലൂർ വാദം
ഐ.വി ആക്ട് പ്രാബല്യത്തിലായിട്ടും ജലയാനങ്ങൾക്ക് നിയമപിൻബലം കിട്ടുന്നില്ല. നിയമവ്യവസ്ഥകൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 2012ൽ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ പോർട്ടിൽ നിന്ന് ലൈൻസസ് നിർത്തിവച്ചതോടെയാണ് കൊടുങ്ങല്ലൂരിൽനിന്ന് ലൈൻസസ് എടുക്കാൻ നിർബന്ധിതരായത്. ഐ.വി. ആക്ട് അനുസരിച്ച് ഇന്ത്യയിൽ എവിടെനിന്നും ലൈസൻസെടുത്ത് സർവിസ് നടത്താം. ഇതിനെതിരെ ഹൈകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ലൈൻസസ് നൽകാനുള്ള സംവിധാനം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അതിനാൽ ലൈസൻസ് ജില്ലയിലേക്ക് മാറ്റാനാകുന്നില്ല. പുതിയനിയമപ്രകാരം ലൈസൻസ് കിട്ടാനും കമ്പടകൾ ഏറെയാണ്. മേഖലയിലെ മാലിന്യനിർമാർജ്ജനവും കാര്യക്ഷമല്ല.
ആലപ്പുഴ വാദം
വേമ്പനാട്ട് കായലിൽ ഓടാവുന്നതിനെക്കാൾ അധികം ബോട്ടുകളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയത്. വാട്ടർ ട്രാൻസ്പ്രോർട്ടിന്റെയും, സ്വകാര്യ വ്യക്തികളുടെയുമടക്കം 586 യാനങ്ങൾക്ക് ഓടാനുള്ള വിസ്തീർണമാണ് കായലിനുള്ളത്. പോർട്ടിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 821 ബോട്ടുകൾ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 28 അടി വരെ വീതിയുള്ള ഹൗസ് ബോട്ടുകളുണ്ട്. ഇടത്തോടുകളിലൂടെ രണ്ട് ബോട്ടുകൾക്ക് ഒരേ സമയം സഞ്ചരിക്കാൻ സാധിക്കില്ല. ഇത് ടൂറിസത്തെ ബാധിക്കും.
കൊടുങ്ങല്ലൂർ ലൈസൻസുള്ള ബോട്ടുകൾക്ക് ആലപ്പുഴയിൽ ഓടാൻ അനുമതിയില്ലെന്നത് തെറ്റായ പ്രചരണമാണ്. പരിചയസമ്പന്നരായ തൊഴിലാളികൾക്ക് സ്രാങ്ക്, ലാസ്ക്കർ ലൈസൻസ് കൊടുക്കാതെ നിയമവാദം മുന്നോട്ട് വയ്ക്കുന്നത് അശാസ്ത്രീയമാണ്
- അരുൺ മുട്ടേൽ, ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് യൂണിയൻ
ഇന്ത്യയിലെവിടെയും ഓടാനുള്ള ലൈസൻസിന് പുറമേ, അതത് സ്ഥലങ്ങളിൽ ഓടാനുള്ള പെർമിറ്റ് കൂടി ആവശ്യമാണ്
- വി.വിനോദ്, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |