തിരുവനന്തപുരം: വികസന ആഹ്വാനത്തോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചതെങ്കിലും നേതാക്കളുടെ പ്രസംഗത്തിലും സദസിന്റെ പ്രതികരണത്തിലും മുന്നിട്ട് നിന്നത് പക്കാ രാഷ്ട്രീയം. പദ്ധതിയുടെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ, കേരളത്തിന് വികസന കുതിപ്പുണ്ടാക്കാൻ കേന്ദ്രം ചെയ്ത കാര്യങ്ങൾ നിരത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാർത്ഥ്യമാകാൻ കാരണമെന്നു സ്വാഗതം പറഞ്ഞ മന്ത്രി വി.എൻ.വാസവൻ അവകാശപ്പെട്ടു.
തുറമുഖത്തിന്റെ ശിൽപി എന്നും കാലം കരുതിവച്ച കർമ്മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ വി.എൻ.വാസവൻ സ്വാഗതം ചെയ്തത്.
കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തിനായി ധനസഹായം അനുവദിച്ചില്ലെന്ന് ധ്വനിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ''ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു ബൃഹത് തുറമുഖ നിർമ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയിൽ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞംപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. തിരിച്ചടയ്‌ക്കേണ്ട 818 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്''- മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം ആഴക്കടൽ തുറമുഖം 8,800 കോടി ചെലവിൽ വികസിപ്പിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ പറഞ്ഞത്. പത്തുവർഷത്തിനിടെ ദേശീയ പാതകളും ബൈപ്പാസുകളും റെയിൽവേ സ്റ്റേഷനുകളും എയർപ്പോട്ടുകളും വികസിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.വന്ദേഭാരത് സർവീസുകളും പരാമർശിച്ചു.
നീല വിപ്ലവം, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയ്ക്ക് കീഴിൽ കേരളത്തിന് നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. പൊന്നാനി, പുതിയാപ്പ എന്നിവയുൾപ്പെടെയുള്ള മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണവും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുണ്ടെന്നും ഇത് നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം അവർക്ക് ലഭിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി പ്രസംഗിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകരും, മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ സി.പി.എം പ്രവർത്തകരും ആരവമുയർത്തി. വേദിയിൽ നേരത്തേ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി പ്രവർത്തകരുടെ ആവേശത്തിനൊപ്പം ചേർന്നു മുദ്രാവാക്യം വിളിച്ചത് സി.പി.എം നേതാക്കളുടെ വിമർശനത്തിന് ഇടയാക്കി. രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഉദ്ഘാടന വേദി ഒരു പാർട്ടിയുടെയും വേദിയല്ല. വളരെസങ്കുചിതവും വില കുറഞ്ഞതുമായ നിലപാടാണ് ഇതെന്നും പറഞ്ഞു. മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.
കേരളം ദ്രുതഗതിയിൽ പുരോഗതി നേടി:മോദി
പത്തു വർഷത്തിനിടെ കേരളത്തിലെ ജനങ്ങൾ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, ഹൈവേകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിവയിലും ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് പോലുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കി. ആധുനിക വന്ദേഭാരത് ട്രെയിനുകൾ നൽകി. ഭാരതത്തിന്റെ തീരമേഖലയിലെ തുറമുഖ നഗരങ്ങൾ വികസിത ഭാരതം 2047 ലേക്കുള്ള രാജ്യപുരോഗതിയുടെയും സമൃദ്ധിയുടെയും ചാലകശക്തിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |