തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സമർപ്പണ ചടങ്ങിൽ 'ഇന്ത്യ' മുന്നണി നേതൃത്വത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒളിയമ്പ്. ''എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയിൽ ഇരിക്കുന്നുണ്ട്. ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും''- ഇതായിരുന്നു മോദിയുടെ വാക്കുകൾ.
അതേസമയം, മോദിയുടെ പരാമർശം രാഹുൽഗാന്ധിയെ ഉന്നമിട്ടാണെന്ന് വിമർശനമുയർന്നു. പിന്നാലെ, മോദിയെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. വരുംദിവസങ്ങളിൽ ഉറക്കംകെടാൻ പോകുന്നത് നരേന്ദ്ര മോദിക്കാണെന്നും ഉദ്ഘാടന വേദിയെ മോദി തരംതാണ രാഷ്ട്രീയ വേദിയാക്കിയെന്നും വേണുഗോപാൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ സമർപ്പണ ചടങ്ങിൽ പ്രധാനമന്ത്രിയെ കൂടാതെ മുഖ്യമന്ത്രിയും മന്ത്രി വി.എൻ.വാസവനും മാത്രമാണ് പ്രസംഗിച്ചത്. പ്രധാനമന്ത്രി 45 മിനിറ്റോളം സംസാരിച്ചു. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വി.എൻ.വാസവന് 3 മിനിറ്റുമാണ് സമയം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |