ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാ ഫലം അടുത്തയാഴ്ചയെന്ന് ഔദ്യോഗിക അറിയിപ്പ്. ഇന്നലെ ഫലം വരുമെന്ന തരത്തിൽ ചില ഓൺലൈനുകളിൽ വാർത്ത വന്നത് തള്ളിയാണ് സി.ബി.എസ്.ഇയുടെ അറിയിപ്പ്. പ്രഖ്യാപനം വരുമ്പോൾ, വിദ്യാർത്ഥികൾക്ക് മാർക്ക്ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭിക്കും.
സർക്കാർ 1000കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1000 കോടി കടമെടുക്കാൻ തീരുമാനിച്ചു. 6ന് റിസർവ്വ് ബാങ്കിൽ നടപടികൾ പൂർത്തിയാക്കും. എട്ടിന് പണം കിട്ടും. നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ടാം തവണയാണ് വായ്പയെടുക്കുന്നത്. ഏപ്രിൽ 29ന് 2000 കോടി കടമെടുത്തിരുന്നു.
മോദി ശ്രമിക്കേണ്ടത് പാകിസ്ഥാന്റെ ഉറക്കംകെടുത്താൻ: കെ.സി
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നത് ഇന്ത്യാ സഖ്യത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഉറക്കം കെടുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അപലപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നരേന്ദ്രമോദി ആദ്യം ചെയ്യേണ്ടത് പഹൽഗാമിൽ നിരപരാധികളുടെ ജീവനെടുക്കാൻ കൂട്ടുനിന്ന പാകിസ്ഥാന്റെ ഉറക്കം കെടുത്താനുള്ള നടപടികളാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിൽ നടത്തിയത് പ്രധാനമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത തരംതാണ രാഷ്ട്രീയ പ്രസംഗമാണ്. രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തെയും പരിഹസിച്ചപ്പോൾ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിക്കണമായിരുന്നു.
എൽ.എൽ.ബി പ്രവേശനം
തിരുവനന്തപുരം: പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ മാസം ആരംഭിക്കും. സംവരണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സംവരണ/ വിദ്യാഭ്യാസ ആനുകുല്യങ്ങൾ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി അപ്ലോഡ് ചെയ്യണം. വില്ലേജ് ഓഫീസിൽ നിന്നുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന എസ്.ഇ.ബി.സി വിഭാഗക്കാരും മറ്റർഹ സമുദായത്തിൽപ്പെട്ട ഒ.ഇ.സി വിദ്യാർത്ഥികളും), തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്.സി/ എസ്.ടി വിഭാഗക്കാർ), വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്ര് (നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ഇ.സി വിഭാഗക്കാർ), വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾ ഒഴികെയുള്ളവർ), വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ഇ.ഡബ്ലിയു.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് നൽകേണ്ടത്.ഫോൺ: 0471 2525300, 2332120, 2338487
ജാതി സെൻസസ് സ്വാഗതാർഹം
തിരുവനന്തപുരം : ജാതി സെൻസസിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സ് പറഞ്ഞു. പിന്നാക്ക സമുദായങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |