തിരുവനന്തപുരം: കീം ഫോർമുല മാറ്റത്തിൽ ചില മന്ത്രിമാർക്ക് എതിർപ്പെന്ന് സൂചന. പുതിയ മാറ്റം ഈ വർഷം വേണോയെന്ന് ജൂൺ മുപ്പതിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചിലർ ചോദിച്ചു. പൊതുതാത്പര്യത്തിന്റെ പേരിലാണ് തീരുമാനം നടപ്പാക്കിയത്.
കീം എഴുതിയ വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതിപിടിച്ച നടപടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ സംശയം ഉന്നയിച്ചത്. ഇന്നലെ രാത്രി 9.50ന് പുതിയ റാങ്ക്‌ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കേരള സിലബസിലെ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനായിരുന്നു ആദ്യ ലിസ്റ്റിൽ ഒന്നാം റാങ്ക്. ജോൺ ഏഴാം റാങ്കിലായി.
പുതിയ പട്ടികയിൽ സി ബി എസ് ഇ സിലബസിലെ തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. മുൻപട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു. ആദ്യ പട്ടികയിലെ ഒന്നാം റാങ്കുകാരൻ ജോൺ ഷിനോജ് ജെ ഇ ഇ അഡ്വാൻസ് പരീക്ഷയിൽ 3553 -ാമത് റാങ്ക് നേടി ഗുജറാത്ത് ഐ ഐ ടി ഗാന്ധി നഗറിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിന് പ്രവേശനം നേടിയിട്ടുണ്ട്.
മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
സമിതി പറഞ്ഞത് സർക്കാർ കേട്ടില്ലെന്ന് ഹൈക്കോടതി
റാങ്ക് നിർണ്ണയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും വിശദ പരിശോധന വേണമെന്നും പകരമായി കൊണ്ടുവരുന്ന ഫോർമുല മികച്ചതാണെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ ശുപാർശ. ഇത്തവണ നടപ്പാക്കുക എളുപ്പമായിരിക്കില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |