ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഇന്ത്യ ശക്തവും നിർണ്ണായകവുമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി. അംഗോളൻ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറെൻകോയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ഭീകരതയ്‌ക്കെതിരായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചത്. ഭീകരർക്കും പിന്തുണയ്ക്കുന്നവർക്കും എതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രിക്ക് പിന്നാലെ മേയ് 9നുള്ള റഷ്യൻ വിജയാഘോഷ ചടങ്ങിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പിൻമാറി
വ്യോമപ്രതിരോധ
സംവിധാനം വാങ്ങും
വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ വാങ്ങാനൊരുങ്ങി കരസേന. ശത്രുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കുന്നതിനായി തോളിൽ വച്ച് പ്രവർത്തിപ്പിക്കാവുന്ന അടുത്ത തലമുറ 'വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സംവിധാനം' വാങ്ങാനുള്ള ടെൻഡറാണ് ഇന്ത്യൻ സൈന്യം പുറപ്പെടുവിച്ചത്. 'മെയ്‌ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലോഞ്ചറുകൾ, 85 മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
പാക് മിസൈൽ പരീക്ഷണം
ഇന്ത്യ തിരിച്ചടിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു.
പാക് ജവാൻ പിടിയിൽ
പാക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബി.എസ്.എഫ് പിടികൂടി. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെയോടെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബി.എസ്.എഫ് ജവാൻ പൂർണം ഷായെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. അതിർത്തി കടന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബി.എസ്.എഫ് പിടികൂടിയിരിക്കുന്നത്.
പാക് യുവതിയുമായുള്ള വിവാഹം:
ജവാന് ജോലി നഷ്ടപ്പെട്ടു
പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) ജവാനെ ജോലി നിന്ന് പിരിച്ചുവിട്ടു. 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിളും ജമ്മു സ്വദേശിയുമായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് കണ്ടെത്തിയാണിത്. തിരികെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ മിനാൽ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താത്കാലികമായി ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാകിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
രാജ്യത്തിനായി പോരാടൻ അവസരം
വേണം: മുൻ സൈനികൻ
വീണ്ടും രാജ്യത്തിനായി പോരാടൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കരസേന മേധാവിക്ക് 1971 യുദ്ധ നായകന്റെ വൈകാരിക കത്ത്. ക്യാപ്റ്റൻ അമർ ജീത്ത് കുമാറാണ് കത്ത് അയച്ചത്. എഴുപത്തിയഞ്ച് വയസുകാരനാണ് അദ്ദേഹം. ഒരാൾക്ക് സൈന്യത്തിൽ നിന്ന് വിരമിക്കാം, എന്നാൽ അയാളിലെ സൈനികന് മരണമില്ല. കരസേന അനുവദിച്ചാൽ തനിക്കൊപ്പം നിരവധി പേർ എത്തും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് താൻ ഉൾപ്പെടെയുള്ളവരുടെ അനുഭവപരിചയം ഉപയോഗിക്കാനാകുമെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |