കോഴിക്കോട്: പ്രതിരോധ വാക്‌സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്ന സാഹചര്യത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഒമ്പത് വർഷത്തിനിടെ മരിച്ചത് 125 പേർ. മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി സിയ ഫാരിസിന്റെ മരണമാണ് ഒടുവിലത്തേത്. നാല് വർഷത്തിനിടെ 17.39 ലക്ഷം പേർക്ക് കടിയേറ്റു. ഫെബ്രുവരിയിൽ തെരുവുനായയുടെ കടിയേറ്റ് തിരുവല്ലയിൽ ഒമ്പതു വയസുകാരൻ മരിച്ചിരുന്നു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഇഴയുന്നതാണ് പ്രധാന പ്രശ്നം. എ.ബി.സി സെന്ററുകളിൽ ശീതീകരണ സംവിധാനമുൾപ്പെടെ സജ്ജീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സാമ്പത്തിക പ്രശ്‌നമുൾപ്പെടെ നേരിടുന്നുണ്ട്. ചിലയിടങ്ങളിൽ സെന്ററുകൾക്ക് സ്ഥലം ലഭിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് തുടങ്ങാനായില്ല. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം എ.ബി.സി സെന്ററുകളിൽ വന്ധ്യംകരണത്തിന് ശീതീകരിച്ച ഓപ്പറേഷൻ തിയേറ്റർ,ശസ്ത്രക്രിയയ്‌ക്കു ശേഷം നായ്‌ക്കൾക്ക് ആറ് ദിവസം വിശ്രമിക്കാനുള്ള സംവിധാനം തുടങ്ങിയവ വേണം. അതിനിടെ എ.ബി.സി സെന്ററുകളിലെ സജ്ജീകരണം സംബന്ധിച്ച നിബന്ധനകളിൽ കേരളം കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുറിവിൽ വൈറസ് പടരും
നായ്‌ക്കളുടെ കടിയിലൂടെയാണ് പ്രധാനമായും പേവിഷബാധയേൽക്കുന്നത്. പൂച്ച,ആടുമാടുകൾ,കുരങ്ങ് എന്നിവ കടിച്ചാലും പകരാം. മുറിവുള്ള
ശരീരഭാഗങ്ങളിലൂടെ വെെറസ് വേഗത്തിൽ പകരും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യത കുറവാണെങ്കിലും സുരക്ഷ വേണം.
പേവിഷബാധ മരണം
(വർഷം,എണ്ണം)
2016...............5
2017...............8
2018...............9
2019...............8
2020...............5
2021...............11
2022...............27
2023...............25
2024...............26
സംസ്ഥാനത്തെ എ.ബി.സി കേന്ദ്രം 15
സ്ഥലം കണ്ടെത്തിയിട്ടും തുടങ്ങാത്തവ 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |