കേപ്‌ടൗൺ: നിരോധിക്കപ്പെട്ട ലഹരി മരുന്ന് ഉപയോഗിച്ചതായി ഉത്തേജക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസറും ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസോ റബാഡയ്‌ക്ക് താത്കാലിക വിലക്ക്. ഗുജറാത്ത് ടീമിന്റെ ഭാഗമായിരിക്കെ ഏപ്രിൽ 3 നാണ് റബാഡ ദക്ഷിണാഫ്രിക്കയിേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് റബാഡ മടങ്ങിപ്പോയതെന്നാണ് ഗുജറാത്ത് ടീം നൽകിയ വിശദീകരണം. വിലക്കിന്റെ കാര്യം റബാഡ തന്നെയാണ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കിൻ ട്വന്റി-20 ലീഗിനിടെയാണ് എം.ഐ കേപ് ടൗൺ താരം കൂടിയായ റബാഡ നിരോധിത ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതിന്റെ തുടർ പരിശോധനകൾക്കായാണ് റബാഡ ഐ.പി.എല്ലിനിടെ നാട്ടിലേക്ക് മടങ്ങിയത്.
ഞാൻ നിരാശപ്പെടുത്തിയ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഒരിക്കലും ക്രിക്കറ്റിനെ ഞാൻ നിസാരമായി കാണില്ല. ക്രിക്കറ്റ് കളിക്കുക എന്നത് ഞാൻ എന്നേക്കാളും വിലമതിക്കുന്ന ഒന്നാണ്. എന്റെ വ്യക്തിപരമായ ആഗ്രഹങ്ങളേക്കാള്‍ ഉപരിയായാണ് ഞാൻ ക്രിക്കറ്റിനെ കാണുന്നത്. ഞാൻ താല്‍ക്കാലികമായുള്ള വിലക്ക് നേരിടുകയാണിപ്പോള്‍.- റബാഡ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പ്രകടന മികവ് കൂട്ടുന്ന മരുന്നല്ല റബാഡ ഉപയോഗിച്ചതെന്നാണ് വിവരം. വിലക്കിന്റെ കാലാവധി എത്രയാണെന്ന് റബാഡ വ്യക്തമാക്കിയിട്ടില്ല. ജൂൺ 11 മുതൽ 15വരെ ലോഡ്‌ജിൽ ഓസ്ട്രേലിയക്കെതിരെ ലോഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി റബാഡയ്ക്ക് കളിക്കാനാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിൽ ഗിൽ ചിൽ
അഹമ്മദാബാദ്: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 38 റൺസന്റെ ജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നെങ്കിലും അവരുടെ ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലിന്റെ പെരുമാറ്റം വിമർശനങ്ങളേറ്റുവാങ്ങി. മത്സരത്തിൽ രണ്ട് തവണയാണ് ഗിൽ അമ്പയർമാരുമായി കോർത്തത്. ഇതിന്റെ വീഡിയോകളും ഫോട്ടകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.അതിരുകടന്ന പെരുമാറ്റത്തിന് ഗില്ലിനെതിരെ നടപടികൾക്കും സാധ്യതയുണ്ട്.
ആദ്യസംഭവം
ഗുജറാത്ത ്ഇന്നിംഗ്‌സിലെ 13-ാം ഓവറിൽ താരം റണ്ണൗട്ടായതുമായി ബന്ധപ്പെട്ടാണ് ഗിൽ ആദ്യം അമ്പയർമാരോട് കയർത്തത്. അർദ്ധ സെഞ്ച്വറി നേടി ഗിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നപ്പോഴാണ് തേർഡ് അമ്പയർ വിവാദ റണ്ണൗട്ട് വിധിച്ചത്. സീഷൻ അൻസാരി എറിഞ്ഞ 13-ാം ഓവറിലെ അവസാന ബോളിൽ സിംഗിളിന് ശ്രമിക്കുന്നതിനിടെയാണ് ബാറ്റിംഗ് എൻഡിലേക്ക് ഓടിവന്ന ഗില്ലിനെതിരെ റണ്ണൗട്ട് അപ്പീൽ വന്നത്. സ്റ്റമ്പിളക്കിയത് പന്താണോ അതോ ഹൈദരാബാദ് കീപ്പർ ഹെൻറിച്ച് ക്ലാസ്സന്റെ ഗ്ലൗ ആണോയെന്നാണ് കണ്ടെത്തേണ്ടിയിരുന്നത്. ഏറെ നേരത്തേ പരിശോധനയ്ക്ക് ശേഷം അമ്പയർ മൈക്കൽ ഗഫ് ഔട്ട് വിധിച്ചു. തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഗിൽ ഡഗൗട്ടിനടുത്ത് വച്ച് ഫോർത്ത് അമ്പയറോട് ഏറെ നേരം തർക്കിക്കുകയായിരുന്നു.
രണ്ടാം സംഭവം
ഹൈദരാബാദ് ഇന്നിംഗ്‌സിലെ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 14-ാം ഓവറിൽ അഭിഷേക് ശർമ്മയ്‌ക്കെതിരെ ഗുജറാത്ത് താരങ്ങൾ എൽ.ബി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. തുടർന്ന് ഗിൽ ഡി.ആർ.എസ് എടുത്തെങ്കിലും ഇംപാക്‌ട് അമ്പയേഴ്‌സ് കോളായി നോട്ടൗട്ട് വിധിച്ചു.
ഇതോടെഫീൽഡ് അമ്പയർമാരുടെ അടുത്തെത്തിയ ഗിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അമ്പയർമാർ ഗില്ലിനെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും താരം വഴങ്ങിയില്ല. പിന്നീട് അഭിഷേക് ശർമയും രംഗത്തെത്തി ഗില്ലിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി.
പ്ലേഓഫിനരികെ
സൺറൈസേഴ്ഗുസിനെതിരെ നേടിയ ജയത്തോടെ ഗുജറാത്ത് പ്ലേഓഫിലേക്ക് വളരെയടുത്തു. സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന വമ്പൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ സൺറൈസേഴ്‌സ് ഹൈദാരാബാദിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസേ നേടാനായുള്ളൂ. ഒരുഘട്ടത്തിൽ ഹൈദരാബാദ് വിജയപ്രതീക്ഷയുയർത്തിയെങ്കിലും പിന്നീട് ഗുജറാത്ത് ബൗളർമാർ പിടിമുറുക്കി. 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് കൂടുതൽ മികച്ചു നിന്നത്. പർപ്പിൾക്യാപ്പും അദ്ദേഹത്തിന് നേടാനായി. ഗുജറാത്തിന്റെ തന്നെ സായി സുദർശനാണ് നിലവിൽ ഓറഞ്ച് ക്യാപ്പിന്റെ അവകാശി.
ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ഫൈനൽ ഇന്ന്
മുള്ളൻകൊല്ലി (വയനാട്): മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് എച്ച്എസ്എസ് ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന 49-ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4ന് വനിതാ ഫൈനൽസും തുടർന്ന് പുരുഷന്മാരുടെ ഫൈനൽ മത്സരവും നടക്കും
ഇന്നലെ നടന്ന ആദ്യ വനിതാ സെമിഫൈനലിൽ തിരുവന്തപുരം കോട്ടയത്തെ (72-69) പരാജയപ്പെടുത്തി.
പുരുഷന്മാരുടെ ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ 92 -51 പരാജയപ്പെടുത്തി തൃശൂർ ഫൈനലിൽ പ്രവവശിച്ചു അവർ ഇടുക്കി-കോട്ടയം സെമിയിലെ വിജയികളുമായി ഫൈനലിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |