തിരൂരങ്ങാടി: സാക്ഷരത പ്രവർത്തനങ്ങളിലൂടെ നാടിന് അക്ഷരവെളിച്ചമേകിയ സാമൂഹ്യപ്രവർത്തക കെ.വി. റാബിയ (59) വിടവാങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതോടെ മമ്പുറത്തുള്ള സഹോദരിയുടെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരണം.
ക്യാൻസറിന് ചികിത്സയിലായിരുന്നു. അടുത്തിടെ കരളിലേക്ക് വ്യാപിച്ച് ആരോഗ്യനില വഷളായിരുന്നു.
പത്താംക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് ശരീരത്തിന്റെ അരയ്ക്ക് താഴെ തളർന്ന റാബിയ, 1990ൽ സംസ്ഥാന സർക്കാർ ആരംഭിച്ച സാക്ഷരത ദൗത്യത്തിൽ സജീവ പങ്കാളിയായതോടെയാണ് പുറംലോകമറിഞ്ഞത്. വീട്ടിൽവച്ച് വീൽചെയറിലിരുന്ന് നിരവധിപേർക്ക് അക്ഷരവെളിച്ചമേകി. സാക്ഷരത യജ്ഞത്തിന്റെ മുഖമായി മാറി. സാക്ഷരത പ്രവർത്തനത്തിന് യു.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടിയുടെയും ബിയ്യാച്ചുട്ടിയുടെയും മകളാണ്. പ്രീഡിഗ്രിക്കു ശേഷം പഠനം അവസാനിപ്പിച്ചു. ഓർമ്മകളെ അക്ഷരത്തിലേക്ക് പകർന്ന് 'നിശബ്ദ നൊമ്പരങ്ങൾ' എന്ന പുസ്തകം പുറത്തിറക്കി. ആത്മകഥയായ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' ഉൾപ്പെടെ നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: സഫിയ, ആരിഫ, ആസിയ, പരേതരായ ഖദീജ, നഫീസ. തിരൂരങ്ങാടി നടുവിലെ പള്ളിയിൽ ഖബറടക്കി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |