തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കെട്ടുറപ്പോടെ നീങ്ങാൻ കോൺഗ്രസും യു.ഡി.എഫും മുന്നൊരുക്കം നടത്തവേ, അതിനു
വിലങ്ങുതടിയായി വീണ്ടും കെ.പി.സി.സി പ്രസിഡന്റ് മാറ്റ വിവാദം മുറുകുന്നു. പ്രസിഡന്റ് മാറ്റത്തെക്കുറിച്ച് ഒരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും ഇത്തരം വിവാദങ്ങൾ പാർട്ടിക്കുള്ളിൽ നിന്നു തന്നെയാണ് ഉണ്ടാവുന്നതെന്നും സുധാകരൻ തുറന്നടിച്ചു. ആരോഗ്യപ്രശ്നമുണ്ടെന്ന് വരുത്തിതീർത്ത് മൂലക്കിരുത്താൻ ഒരു ഗ്രൂപ്പും കേരളത്തിലെ ഒരു നേതാവും ശ്രമിക്കുന്നുണ്ട്. ആളിനെ അറിയാം. പറയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കെ.സുധാകരനെ ഡൽഹിയിലേക്ക് വിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷനും രാഹുൽഗാന്ധിയും ചർച്ച നടത്തിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്.
സുധാകരന് തത്കാലം ഇളക്കമുണ്ടാവില്ലെന്നാണ് സൂചന. മാറാൻ ആരും പറഞ്ഞിട്ടില്ലെന്നും പറയാത്തിടത്തോളം പ്രസിഡന്റായി തുടരുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനെ ഭരണത്തിൽ നിന്നു താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആന്റോ ആന്റണിയോ, സണ്ണിജോസഫോ അദ്ധ്യക്ഷനാവുമെന്നാണ് വാർത്ത പരന്നത്. സുധാകരനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരനും സുധാകരൻ മാറേണ്ട ആവശ്യമില്ലെന്ന് ആന്റോആന്റണിയും ഇന്നലെ പ്രതികരിച്ചു.
ഇതിനിടെ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന നേതാക്കൾക്കെതിരെ ആലുവ ബസ് സ്റ്റാൻഡിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർപോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണിജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടതെന്നാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പതിച്ച പോസ്റ്രറിൽ പറയുന്നത്. ഇതേ അഭിപ്രായം മുതിർന്ന പല നേതാക്കളും രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.
ഇളക്കിപ്രതിഷ്ഠ കുളംകലക്കലാവും
# നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വൈകാതെയുണ്ടാവും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും കോൺഗ്രസിനും ശക്തിപരീക്ഷണമാണ്. എൽ.ഡി.എഫ് പാളയം വിട്ട അൻവറിനും യു.ഡി.എഫ് വിജയം അഭിമാനപ്രശ്നമാണ്. കെ.പി.സി.സി അദ്ധ്യക്ഷ പദത്തിൽ പെട്ടെന്നൊരു ഇളക്കിപ്രതിഷ്ഠ നടത്തിയാൽ അത് കുളംകലക്കലാവുമെന്നാണ് നല്ലൊരു വിഭാഗം നേതാക്കളുടെയും അഭിപ്രായം.
# ഹൈക്കമാൻഡിന് മുന്നിൽ കത്തോലിക്കാ വിഭാഗം ചില നിർദ്ദേശങ്ങൾ വച്ചതായും സൂചനയുണ്ട്. ഇതിന് വഴങ്ങി സുധാകരനെ മാറ്രിയാൽ അത് മറ്റൊരു തിരിച്ചടിയാവും. കാരണം കേരളത്തിലെ പ്രബല ശക്തിയായ ഈഴവസമുദായത്തിന് കോൺഗ്രസിൽ ആകെ ലഭിച്ചിട്ടുള്ള പ്രധാന പദവി ഇതാണ്. നിയമസഭയിൽ പോലും കോൺഗ്രസ് പക്ഷത്ത് അർഹമായ പ്രാതിനിധ്യമില്ല.
``പ്രായമല്ല പ്രാപ്തിയാണ് പ്രധാനം, കെ.പി.സി.സി അദ്ധ്യക്ഷനായി വന്നശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പും ജയിച്ചിട്ടുണ്ട്.`
- കെ. സുധാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |