കാസർകോട്: ആശമാരുടെ രാപ്പകൽ സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടക്കും. സാമൂഹ്യ പ്രവർത്തകൻ ഡോ.ആസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,എ.കെ.എം അഷറഫ് എം.എൽ.എ, ഡോ.അജയകുമാർ കോടോത്ത്,ഡോ.എ.എം ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും.
കേരള ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു നയിക്കുന്ന യാത്രയിൽ നൂറുകണക്കിന് ആശമാരും കലാസംഘവും അണിനിരക്കും. ആദ്യദിവസം ബദിയടുക്ക,കുറ്റിക്കോൽ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾക്കുശേഷം കാഞ്ഞങ്ങാട് സമാപിക്കും. സമരക്കാർ നഗരത്തിൽ തന്നെ അന്തിയുറങ്ങും. രണ്ടാം ദിനം സമരയാത്ര 9.30ന് പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം,ചെറുവത്തൂർ എന്നിവിടങ്ങളിലൂടെ തൃക്കരിപ്പൂരിൽ സമാപിക്കും. തുടർന്ന്, കണ്ണൂരിലേക്ക് പ്രവേശിക്കും. ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം നൽകുക, പെൻഷൻ,ഓണറേറിയത്തിന് ബാധകമാക്കിയ മാനദണ്ഡങ്ങൾ പിൻവലിക്കുക, എല്ലാ മാസവും 5 -ാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽസമരം ആരംഭിച്ചത്. സമരം 84 ദിവസം പിന്നിട്ടിട്ടും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് 'രാപ്പകൽ സമര യാത്ര' സംഘടിപ്പിക്കുന്നത്. സമരയാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |