പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ കാര്യഗൗരവത്തോടെ കൈകാര്യം ചെയ്യാതിരുന്ന അക്ഷയ കേന്ദ്രം, വീഴ്ച മറച്ചുവയ്ക്കാൻ വ്യാജ ഹാൾ ടിക്കറ്റ് നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു. വ്യാജ ഹാൾടിക്കറ്റുമായി പത്തനംതിട്ട നഗരത്തിലെ സ്‌കൂളിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെയും ഒപ്പമുണ്ടായിരുന്ന മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പരീക്ഷ പൂർത്തിയായശേഷമാണ് നന്നുവക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പൊലീസ് കൊണ്ടു പോയത്.
നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ നിന്നാണ് ഹാൾടിക്കറ്റ് ലഭിച്ചതെന്ന് ഇവർ പറഞ്ഞു. ഇതേ അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചതെന്നും വെളിപ്പെടുത്തി. നെയ്യാറ്റിൻകര പൊലീസും അന്വേഷണം തുടങ്ങി. അക്ഷയ സെന്റർ ജീവനക്കാരിയെ കസ്റ്റഡിയിലെടുക്കും.
നിർദ്ധന കുടുംബത്തിലെ മാതാവിനും മകനും അപേക്ഷ സർപ്പിക്കുന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു.
മാതാവാണ് അപേക്ഷിക്കാൻ അക്ഷയ സെന്ററിനെ സമീപിച്ചത്. ജീവനക്കാരി ഇവരുടെ അപേക്ഷ സമർപ്പിച്ചില്ലെന്നാണ് പൊലീസ് കരുതുന്നത്. ഹാൾ ടിക്കറ്റ് വിതരണം തുടങ്ങിയതോടെ, ഇതേ അക്ഷയ സെന്റർവഴി അപേക്ഷ നൽകിയ മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റ് തിരുത്തി വ്യാജ ഹാൾടിക്കറ്റ് വാട്സാപ്പ് വഴി അയച്ചു നൽകുകയായിരുന്നു. പത്തനംതിട്ടയിലെ സ്കൂളാണ് സെന്ററായി ചേർത്തത്.
യഥാർത്ഥ അപേക്ഷകൻ തലസ്ഥാനത്ത് പരീക്ഷ എഴുതി
പരീക്ഷാ ഹാളിലെത്തിയ വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് സംശയം തോന്നിയെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചു. ഈ സെന്ററിൽ പരീക്ഷയ്ക്ക് എത്തേണ്ട 160 വിദ്യാർത്ഥികളിൽ 20ൽപരം പേർ എത്തിയിരുന്നില്ല.
# ഹാൾടിക്കറ്റിൽ സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നാണ് ആദ്യംകരുതിയത്. വീണ്ടും ഓൺലൈനിൽ പരിശോധിച്ചപ്പോൾ, ഇതേ റോൾ നമ്പരിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി.
ഹാൾടിക്കറ്റിന്റെ ഒരു ഭാഗത്ത് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെയും മറുഭാഗത്ത് യഥാർത്ഥ വിദ്യാർത്ഥിയുടെയും വിലാസമായിരുന്നു. റോൾ നമ്പരും യഥാർത്ഥ വിദ്യാർത്ഥിയുടേതാണ് .
കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷ
ഹാൾടിക്കറ്റ് തിരുത്തിയോ ആൾമാറാട്ടം നടത്തിയോ പരീക്ഷ എഴുതി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. കുറ്റം തെളിഞ്ഞാൽ ആൾമാറാട്ടം, ചീറ്റിംഗ്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയാണ് ലഭിക്കുക. ചുരുങ്ങിയത് 10 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാം.
പത്തനംതിട്ട ഡിവൈ.എസ്.പി ഇൻ ചാർജ് ബിനു വർഗീസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും വിദ്യാർത്ഥിയെയും മാതാവിനെയും ചോദ്യം ചെയ്തു വരികയാണ്.ഇവർ നിരപരാധികളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |