ഹൈദരാബാദ് സൺറൈസേഴ്സ്- ഡൽഹി ക്യാപ്പിറ്റൽസ് മഴ മൂലം ഉപേക്ഷിച്ചു
മികച്ച ബൗളിംഗിലൂടെ ഡൽഹിയെ 133/7ലൊതുക്കിയ സൺറൈസേഴ്സിനെ മഴ ചതിച്ചു
സൺറൈസേഴ്സ് പ്ളേ ഓഫിലെത്താതെ പുറത്ത്, ഡൽഹി അഞ്ചാമത്
ഹൈദരാബാദ് : മികച്ച ബൗളിംഗിലൂടെ ഡൽഹി ക്യാപ്പിറ്റൽസിനെ 133/7 എന്ന സ്കോറിലൊതുക്കിയെങ്കിലും മഴ കാരണം മറുപടി ബാറ്റിംഗിനിറങ്ങാൻ കഴിയാതിരുന്ന ഹൈദരാബാദ് സൺറൈസേഴ്സ് ഐ.പി.എല്ലിൽ പ്ളേഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി.
ഇന്നലെ ഹൈദരാബാദിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന്റെ നായകൻ പാറ്റ് കമ്മിൻസിന്റെ മാരക ബൗളിംഗാണ് ഡൽഹിയുടെ മുൻനിരയെ തകർത്തുകളഞ്ഞത്. 29 റൺസ് നേടുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്ന ഡൽഹിയെ 41 റൺസ് വീതം പൊരുതി നേടിയ ട്രിസ്റ്റൺ സ്റ്റബ്സും അശുതോഷ് ശർമ്മയുമാണ് 133ലെത്തിച്ചത്. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കമ്മിൻസും ഓരോ വിക്കറ്റ് വീഴ്ത്തിയ ജയ്‌ദേവ് ഉനദ്കദും ഹർഷൽ പട്ടേലും ഇഷാൻ മലിംഗയും ചേർന്നാണ് ഡൽഹിയെ ഒതുക്കിയത്.
കളിയുടെ ആദ്യ പന്തിൽതന്നെ ഡൽഹി ഓപ്പണർ കരുൺ നായരെ (0) കീപ്പർ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ച് കമ്മിൻസ് പ്രഹരേൽപ്പിച്ചു. തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഫാഫ് ഡുപ്ളെസിയെയും (3) കമ്മിൻസ് ഇഷാന്റെ കയ്യിലെത്തിച്ചു. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് പൊറേലും(8) സമാനരീതിയിൽ പുറത്തായി. അടുത്ത ഓവറിൽ ഡൽഹി ക്യാപ്ടൻ അക്ഷർ പട്ടേലിനെ (6) ഹർഷൽ പട്ടേൽ കമ്മിൻസിന്റെ കയ്യിലെത്തിച്ചു. ഏഴാം ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ രാഹുലിനെ (10) ഉനദ്കദ് ഇഷാന്റെ കയ്യിലത്തിച്ചതോടെയാണ് ഡൽഹി 29/5 എന്ന നിലയിലായത്.
തുടർന്ന് ക്രീസിലെത്തിയ വിപ്രജ് നിഗവും (18), സ്റ്റബ്സും ചേർന്ന് പൊരുതി 12 ഓവറിൽ 62ലെത്തിച്ചു. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ വിപ്രജ് റൺഔട്ടായി. തുടർന്ന് ക്രീസിലെത്തിയ അശുതോഷ് 26 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പായിച്ച് റൺറേറ്റ് ഉയർത്താൻ ശ്രമിച്ചു. അവസാന ഓവറിൽ ഇഷാൻ മലിംഗയാണ് അശുതോഷിനെ പുറത്താക്കിയത്.
ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ പെയ്ത മഴയാണ് ഹൈദരാബാദിന്റെ പ്രതീക്ഷകളെല്ലാം തകർത്തുകളഞ്ഞത്. 11കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ഹൈദരാബാദ് പട്ടികയിൽ എട്ടാമതാണ്. ഡൽഹി 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തും.
ഇന്നത്തെ മത്സരം
മുംബയ് Vs ഗുജറാത്ത്
പോയിന്റ് നില
( ടീം,മത്സരം,ജയം,തോൽവി,പോയിന്റ് എന്ന ക്രമത്തിൽ)
ആർ.സി.ബി 11-8-3-16
പഞ്ചാബ് 11-7-3-15
മുംബയ് 11-7-4-14
ഗുജറാത്ത് 10-7-3-14
ഡൽഹി 11-6-4-13
കൊൽക്കത്ത 11-5-5-10
ലക്നൗ 11-5-6-10
ഹൈദരാബാദ് 11-3-7-7
രാജസ്ഥാൻ 12-3-9-6
ചെന്നൈ 11-2-9-4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |