തിരുവനന്തപുരം: സിലബസ് പരിഷ്കരണത്തിന്റെ പേരിൽ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ്ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണം. ഒഴിവാക്കിയ പാഠഭാഗങ്ങൾ വീണ്ടും ഉൾപ്പെടുത്തണം. 12 വർഷങ്ങളായി തുടർന്നുവന്ന പാഠ ഭാഗങ്ങളാണ് ഒഴിവാക്കിയത്. മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മലയാളം, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ശ്രീനാരായണ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രൊഫ. എം. കെ സാനു അടക്കമുള്ള വിദഗ്ദ്ധരുടെ കമ്മിറ്റി വിശദമായ പഠനത്തിനുശേഷം സർക്കാരിന് റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. ബിരുദതലത്തിലും ശ്രീനാരായണ പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ ശ്രീനാരായണ ദാസിനെ എൻ.സി.ഇ.ആർ.ടി സിലബസിന് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തതാണ്.ഇപ്പോൾ ഈ മനം മാറ്റത്തിന്റെ കാരണം വ്യക്തമാക്കാനും ഒഴിവാക്കലിനു മറുപടി പറയാനും വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ബാധ്യസ്ഥരാണ്.ശ്രീനാരായണ പഠനം സിലബസിൽ നിന്ന് ഒഴിവാക്കിയ നടപടി ഉപേക്ഷിക്കുകയും പാഠഭാഗങ്ങൾ പുന:സ്ഥാപിക്കുകയും വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |