ചേർത്തല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവരെ അതേ നാണയത്തിൽ നേരിടുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി കണിച്ചുകുളങ്ങരയിൽ വിളിച്ചുചേർത്ത സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എയുടെ കരുത്തുറ്റ നേതാവാണ് രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ തനത് സംഭാവനകൾ നൽകിയ വ്യക്തിത്വം. ഇത് മറ്റൊരു നേതാവിനും അവകാശപ്പെടാൻ ആവില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഭാവി കേരളം എൻ.ഡി.എയുടെതാണ്. വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദി സർക്കാരിന്റെ വികസനയങ്ങൾ കേരളം ഉൾക്കൊണ്ടുവെന്നും അത് വരുന്ന തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് അനുകൂലമായ ഘടകമായി തീരുമെന്നും തുഷാർ പറഞ്ഞു. ജില്ലാതലയോഗങ്ങളും മണ്ഡലംതല യോഗങ്ങളും പഞ്ചായത്ത് തല സമിതികളും വിളിച്ചു ചേർക്കേണ്ട തീയതികളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്‌കരിക്കാൻ യോഗം തീരുമാനിച്ചു. ജാതി സെൻസസ് നടപ്പാക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ധീരമായ നടപടിയെ യോഗം പ്രശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പൈലി വാത്യാട്ട്,ഉണ്ണികൃഷ്ണൻ ചാലക്കുടി,അഡ്വ.സിനിൽ മുണ്ടപ്പള്ളി,രാജേഷ് നെടുമങ്ങാട്,എ.എൻ.അനുരാഗ്,തമ്പി മേട്ടു തറ,അഡ്വ.പി.എസ്.ജ്യോതിസ്, പച്ചയിൽ സന്ദീപ്,പി.ടി. മന്മഥൻ,എ.ബി. ജയപ്രകാശ്,അനിഷ് പുല്ലുവേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |