തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ നിയന്ത്രണത്തിൽ വില കുറഞ്ഞ മദ്യ ഉത്പാദനത്തിന് പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ (പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ല്) ബ്ളെൻഡിംഗ് യൂണിറ്ര് തുടങ്ങാൻ സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചു. എന്നാൽ ശുദ്ധജല ക്ഷാമം ചൂണ്ടിക്കാട്ടി പദ്ധതി പ്രദേശമുൾപ്പെടുന്ന എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകൾ എതിർപ്പുമായി രംഗത്തുണ്ട്. പദ്ധതി തുടങ്ങിയാൽ പ്രതിദിനം ഒരു ലക്ഷം ലിറ്റർ ശുദ്ധജലമാണ് വേണ്ടത്. ഇവിടം മഴ നിഴൽ പ്രദേശമാണ്.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) തയ്യാറാക്കിയ 25.90 കോടിയുടെ പ്ലാന്റിനാണ് സാങ്കേതിക അനുമതി. ശുദ്ധജലത്തിന്റെ പേരിൽ ഗ്രാമപഞ്ചായത്തുകൾ ഇടഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറും വാട്ടർ അതോറിറ്റി അധികൃതരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും പദ്ധതി നടത്തിപ്പുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം.
ആറു കിലോമീറ്റർ ദൂരത്തുള്ള മൂംഗിൽമട ജലസംഭരണിയിൽ നിന്ന് പൈപ്പ് വഴി വെള്ളമെത്തിക്കാമെന്നായിരുന്നു ജലഅതോറിറ്റിയുടെ ഉറപ്പ്. ഇതിന് 1.87 കോടി രൂപ വാർട്ടർ അതോറിറ്റിയിലേക്ക് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ പൈപ്പുകളും വാങ്ങി. അപ്പോഴാണ് പഞ്ചായത്തുകൾ ഇടഞ്ഞത്. വെള്ളമെത്തിക്കാനുള്ള ബദൽ സംവിധാനം ആലോചനയിലാണ്.
ജവാനല്ല, ബ്രാണ്ടി
ആറ് ലൈൻ കോമ്പൗണ്ടിംഗ്, ബ്ലെൻഡിംഗ് ആൻഡ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിച്ച് ദിവസം15,000 കെയ്സ് വില കുറഞ്ഞ ബ്രാൻഡി നിർമ്മിക്കുകയാണ് ലക്ഷ്യം. പ്ളാന്റ് നിർമ്മാണത്തിന് ബെവ്കോ ഫണ്ട് ഉപയോഗിക്കും. ഉത്പാദനം തുടങ്ങുന്ന മുറയ്ക്ക് മദ്യം വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് തുല്യഗഡുക്കളായി കോർപ്പറേഷന്റെ വായ്പ തിരിച്ചടയ്ക്കണം.
113 ഏക്കർ
മലബാർ ഡിസ്റ്റിലറീസിന്റെ സ്ഥലം
25.90 കോടി
പ്ലാന്റിന്റെ ചെലവ്
15,000 കെയ്സ്
ദിവസം ഉത്പാദനം
250 പേർക്ക്
തൊഴിലവസരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |