ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെ, പാകിസ്ഥാനെ വെട്ടിലാക്കി ബലൂചിസ്ഥാനിൽ വിമത കലാപം രൂക്ഷമായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണം ശക്തമാക്കി. പ്രവിശ്യയിലെ കലാത്ത് ജില്ലയുടെ നിയന്ത്രണം ബി.എൽ.എ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.
സർക്കാർ സ്ഥാപനങ്ങളും പ്രധാന റോഡുകളും ബി.എൽ.എയുടെ നിയന്ത്രണത്തിലാണ്. പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ നിന്ന് കറാച്ചിയിലേക്കുള്ള ദേശീയ പാതയും പിടിച്ചെടുത്തു. മൻഗോചർ മേഖലയിൽ നാഷണൽ ബാങ്കിന്റേത് അടക്കം കെട്ടിടങ്ങൾ തീയിട്ട് നശിപ്പിച്ചു. ഹൈവേ തിരിച്ചുപിടിച്ചെന്ന് സുരക്ഷാ സേന അവകാശപ്പെട്ടു.
ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കുമെന്നാണ് ബി.എൽ.എ ഭീഷണി. ഇന്ത്യയുടെ ആക്രമണമുണ്ടായാൽ, അതിനിടെയിൽ ബി.എൽ.എ ബലൂചിസ്ഥാനെ പിടിച്ചെടുത്തേക്കുമോ എന്ന ഭീതി പാകിസ്ഥാനുണ്ട്. പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള വാഹനങ്ങളെയും യാത്രക്കാരെയും വിമതർ പരിശോധിക്കുന്നുണ്ട്.
തടവുകാരെ മോചിപ്പിച്ചു
മൻഗോചറിൽ വിമതർ പൊലീസ് വാഹനം തടഞ്ഞ് 10 ജയിൽപ്പുള്ളികളെ മോചിപ്പിച്ചു. 5 പൊലീസുകാരെ ബന്ദികളാക്കി. ഗദാനി ജയിലിൽ നിന്ന് തടവുകാരെ ക്വെറ്റയിലേക്ക് കൊണ്ടുപോകവെയായിരുന്നു സംഭവം. വിമതരെ ഭയന്ന് സ്വകാര്യ വാനിലാണ് പൊലീസ് പോയത്
ഖൈബർ പക്തൂൻഖ്വയിലും രക്ഷയില്ല
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പക്തൂൻഖ്വയിൽ പാകിസ്ഥാനി താലിബാന്റെ ആക്രമണം ശക്തമാണ്. സർക്കാരിനെ അട്ടിമറിക്കുകയാണ് താലിബാന്റെ ലക്ഷ്യം. ഇക്കൊല്ലം മാത്രം 500ലേറെ പേരെ ഖൈബർ പക്തൂൻഖ്വയിൽ ഇവർ വധിച്ചു. പ്രവിശ്യയിൽ പാകിസ്ഥാനി താലിബാന് സ്വന്തം കോടതി പോലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |