തിരുവനന്തപുരം /കോഴിക്കോട്: തെരുവുനായ വന്ധ്യംകരണവും വാക്‌സിനേഷനും പാളുകയും കുട്ടികൾ മരണത്തിന് ഇരയാവുന്നത് ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്‌സിൻ മുൻകൂട്ടി നൽകണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യവുമായി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്തുണ്ട്. ലോകാരോഗ്യ സംഘടനയും ഇതാണ് നിർദേശിക്കുന്നത്. തെരുവുനായ ശല്യം കൂടുതലുള്ള പെറു പോലുള്ള രാജ്യങ്ങൾ ഇതു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ പദ്ധതി രൂപകൽപ്പന ചെയ്യാൻ ഉടൻ വിദഗ്ദ്ധരുടെ ടാസ്‌ക് ഫോഴ്‌സുണ്ടാക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം.
കേരളത്തിൽ നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുന്നവരിൽ 35 ശതമാനത്തിലേറെയും കുട്ടികളായതിനാൽ അവർക്ക് ഉടനടി നൽകാൻ നടപടി സ്വീകരിക്കണം. ഏതുപ്രായക്കാർക്കും ഇതു നൽകാം.
നായയുടെയോ പൂച്ചയുടെയോ കടിയേറ്റാൽ നൽകുന്ന അതേ വാക്‌സിൻ മൂന്നു ഡോസ് അതേരീതിയിൽ തൊലിക്കിടയിൽ നൽകിയാൽ പ്രതിരോധം കൈവരിക്കാം. പിന്നീട് കടിയേറ്റാൽ രണ്ട് ബൂസ്റ്റർ ഡോസ് എടുത്താൽ മതി. മുറിവിൽ കുത്തിവെയ്ക്കുന്ന ചെലവേറിയ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ ഒഴിവാക്കാം.
കടിയേറ്റാലുടൻ വൈറസ് തലച്ചോറിലേക്ക് എത്തുന്നതും തടയാം.
മൃഗഡോക്ടർമാർക്കും മറ്റും
നിലവിൽ നൽകുന്നുണ്ട്
# നിലവിൽ മൃഗഡോക്ടർമാർ നായ്ക്കളെ പിടിയ്ക്കുന്നവർ,വന്ധ്യംകരിക്കുന്നവർ എന്നിവർക്ക് ഇത്തരത്തിൽ എക്‌സ്‌പോഷർ പ്രോഫൈലാക്‌സിസ് വാക്‌സിൻ നൽകുന്നുണ്ട്. ആദ്യഡോസ് സ്വീകരിക്കുന്നതിന്റെ ഏഴാം ദിവസവും 21/ 28-ാം ദിവസവും തുടർന്നുള്ള വാക്സിൻ കുത്തിവയ്ക്കണം.
# 0.5 എം.എല്ലിന്റെ ഒരുബോട്ടിൽ വാക്സിന് 398രൂപയാണ് വില. 0.1 എം.എൽ ആണ് ഒരു വ്യക്തിക്ക് ഒരോ തവണയും കുത്തിവയ്ക്കേണ്ടത്. ഒരു ബോട്ടിലിലെ വാക്സിൻ അഞ്ചുപേർക്ക് കുത്തിവയ്ക്കാം.ബോട്ടിൽ പൊട്ടിച്ചു കഴിഞ്ഞാൽ ആറു മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം.അതിനു കഴിഞ്ഞില്ലെങ്കിൽ ബാക്കിവരുന്നത് ഉപേക്ഷിക്കണം.
എന്തുകൊണ്ട് കുട്ടികളിൽ ?
അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന തരത്തിൽ കുട്ടികളുടെ
മുഖത്തും കൈകളിലുമാണ് മിക്കപ്പോഴും കടിയേൽക്കുന്നത്.ശരിയായ രീതിയിൽ മുറിവ് കൃത്യമായി പരിചരിക്കാൻ കഴിയാതെവരുന്നുണ്ട്. കുട്ടികൾ കടിയേറ്റ വിവരം ഉടൻ പറയണമെന്നില്ല.
നിലവിൽ 28 കോടിയുടെ
സൗജന്യ വാക്സിൻ
നായയുടെയും പൂച്ചയുടെയും കടിയേൽക്കുന്നവർക്ക് സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ 28 കോടിയുടെ വാക്‌സിനാണ് പ്രതിവർഷം വാങ്ങുന്നത്. 3.16ലക്ഷം പേർക്കാണ് കഴിഞ്ഞവർഷം കടിയേറ്റത്. 3.5കോടി ജനങ്ങൾക്കും മുൻകൂട്ടി വാക്‌സിൻ നൽകണമെങ്കിൽ കോടികൾ മുടക്കേണ്ടിവരും. സർക്കാർ ഇതിന് മുതിരുമോ എന്നതാണ് വിഷയം.
പേവിഷബാധ മരണം
(പ്രതിവർഷം )
59,000:
ലോകത്താകെ
18,000 - 20,000:
ഇന്ത്യയിൽ
20 -26:
കേരളത്തിൽ
``ആദ്യഘട്ടത്തിൽ വലിയ ചെലവുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഫലപ്രദമാകും. പൊതുജനാരോഗ്യ രംഗത്ത് കേരളത്തിന് ഒരിക്കൽകൂടി ദേശീയ മാതൃക സൃഷ്ടിക്കാനാവും. തുടർന്ന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തിയാൽ സൗജന്യമാക്കാം.``
-ഡോ.സുനിൽ.പി.കെ
പ്രസിഡന്റ്
കെ.ജി.എം.ഒ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |