ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയിൽ ഉൾപ്പെടെ മേൽനോട്ട സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം. കേരളത്തിനും തമിഴ്നാടിനുമാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയത്. ഡാമിലെ നവീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെയും ഉപകരണങ്ങളും കൊണ്ടുപോകാനായി റോഡിൽ അറ്റകുറ്റപണി നടത്താനും പെരിയാറിൽ നിരീക്ഷണ ബോട്ടുകൾ അനുവദിക്കാനും നടപടിയുണ്ടാകണമെന്ന് സമിതി ശുപാർശ ചെയ്‌തിരുന്നു. രണ്ടാഴ്ചയ്‌ക്കകം വിഷയം വീണ്ടും പരിഗണിക്കും. അതിനുള്ളിൽ നടപടികൾ തുടങ്ങണം. പരാതികൾ അടുത്ത തവണ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അടക്കം ഉന്നയിച്ചു കൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അറ്റകുറ്റപണിക്ക് കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് പരാതി ആവർത്തിച്ചു. ചില ജോലികൾക്ക് സമീപത്തെ വനമേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇതിനായി തമിഴ്നാട് കേന്ദ്രത്തിന് അപേക്ഷ നൽകണമെന്ന് കോടതി നിർദേശിച്ചു. 2015ൽ അപേക്ഷ നൽകിയിരുന്നതാണെങ്കിലും, കോടതി പറയുകയാണെങ്കിൽ വീണ്ടും നൽകാമെന്ന് തമിഴ്നാട് പ്രതികരിച്ചു. മരങ്ങൾ മുറിക്കണമെങ്കിൽ കേന്ദ്രസർക്കാരിന് പുതിയ അപേക്ഷ നൽകണമെന്നും തമിഴ്നാട് മുൻപ് നൽകിയ അപേക്ഷ പര്യാപ്‌തമല്ലെന്നും കേരളം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |