ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിച്ചു നിർത്തൽ കൂടി ലക്ഷ്യം
കണ്ണൂർ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വിജയം അനിവാര്യമായ കോൺഗ്രസ് പിണറായി വിജയന്റെ മൂന്നാമൂഴം തടയാൻ സുധാകരന് ശേഷം ആശ്രയിക്കുന്നത് കണ്ണൂരിലെ നേതാവിനെ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് കണ്ണൂർ കോൺഗ്രസിലെ 'സണ്ണി വക്കീലിനെ' കെ.പി.സി.സി. അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.
പാർട്ടിയുടെ പരമ്പരാഗത ശക്തികളായ ക്രൈസ്തവ വിഭാഗങ്ങൾ പാർട്ടിയെ കൈവിട്ടതാണ് കേരളത്തിലെ കോൺഗ്രസിന്റെ ശക്തിക്ഷയത്തിന് കാരണമെന്ന വിലയിരുത്തലാണ് സണ്ണി ജോസഫിന് അനുകൂലമായത്. കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.സുധാകരൻ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വിജയിച്ച് പാർട്ടി കരുത്ത് കാട്ടിയെങ്കിലും സംഘടനാപരമായി പാർ ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ സുധാകരൻ പൂർണമായി വിജയിച്ചില്ലെന്നാണ് ഹൈക്കമാൻഡ് നിരീക്ഷണം. ഇതാണ് നേതൃമാറ്റമെന്ന അനിവാര്യതയിലേക്ക് നയിച്ചത്. ഒടുവിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയായി പേരാവൂർ എം.എൽ.എ അഡ്വ.സണ്ണി ജോസഫിനെ ഹൈക്കമാൻഡ് പാർട്ടിയുടെ സ്റ്റിയറിംഗ് ഏൽപ്പിച്ചു. സണ്ണി ജോസഫ് കെ. സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായതിനാൽ തീരുമാനത്തിൽ സുധാകരന്റെ അതൃപ്തിയുണ്ടാകില്ലെന്നും ഹൈക്കമാൻഡ് കണക്കുകൂട്ടി. അതിനിടെ ഇന്നലെ പയ്യന്നൂരിൽ സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചിരുന്നു. ജനനായകൻ കെ.എസ് തുടരണം എന്നാണ് പോസ്റ്ററിൽ ഉള്ളത്.കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് പോസ്റ്ററുകൾ ഉള്ളത്.
2004ൽ പി.പി തങ്കച്ചൻ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അദ്ധ്യക്ഷനായി എത്തിയതിന് ശേഷം ഇതുവരെ ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെടുന്ന ആരും ഈ പദവിയിലെത്തിയിരുന്നില്ല. എ.കെ.ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിൽ ക്രൈസ്തവ നേതാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സഭാ നേതൃത്വത്തിനും പരാതിയുണ്ടായിരുന്നു.
സഭാ അധികാരികളുമായി നല്ല അടുപ്പം പുലർത്തുന്ന സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും നല്ല ബന്ധത്തിലാണ്. നിലവിൽ നിയമസഭയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയാണ്. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുക കൂടി ചെയ്യുന്ന നേതാവുമാണ്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്,കണ്ണൂർ ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരിൽ നിന്നുള്ള നിയമസഭാഗവും നിലവിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനുമാണ്
പേരാവൂർ നെഞ്ചേറ്റിയ നേതാവ്
2011 ൽ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തന്റെ കന്നി മത്സരത്തിൽ തന്നെ അന്നത്തെ സിറ്റിംഗ് എം.എൽ.എയായിരുന്ന കെ.കെ ശൈലജയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയായിരുന്നു നിയമസഭയിലെത്തിയത്.കെ.കെ ശൈലജയ്‌ക്കെതിരേ 3440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സണ്ണി ജോസഫിന്റെ വിജയത്തുടക്കം. പിന്നീടങ്ങോട്ട് പേരാവൂർ സണ്ണി ജോസഫിനെ ചേർത്ത് നിർത്തി.കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സണ്ണിജോസഫിനെ പോറലേൽക്കാതെ പേരാവൂരുകാർ കാത്ത് സൂക്ഷിച്ചു. 2016 ൽ ഭൂരിപക്ഷം 7989 ആയും 2021 ൽ 3172 ആയും ഭൂരിപക്ഷം കുറഞ്ഞെങ്കിലും സണ്ണി ജോസഫ് പിടിച്ചു നിന്നു. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കെ.വി സക്കീർ ഹുസൈനിനെതിരേയായിരുന്നു വിജയം. .കണ്ണൂർ ഉളിക്കൽ പുറവയലിലെ പരേതനായ വടക്കേക്കുന്നേൽ ജോസഫ് -റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് സണ്ണി ജോസഫ്.
''സുധാകരനാണ് എന്റെ എക്കാലത്തെയും ലീഡർ,
ലക്ഷ്യം കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കൽ''
കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും. പുതിയ ടീം പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ .അതിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ ഒരാളുടെയും നോമിനി അല്ല. മതേതര കോൺഗ്രസിന്റ പ്രതിനിധിയാണ്. സുധാകരന്റെ പിൻഗാമി ആകാൻ കഴിഞ്ഞത് അഭിമാനമാണെന്നും കൂട്ടിച്ചേർത്തു. വാർത്ത അറിഞ്ഞയുടൻ സുധാകരൻ ഫോണിൽ വിളിച്ചിരുന്നുവെന്നും പിന്തുണയും അനുഗ്രഹവും വാഗ്ദാനം ചെയ്‌തെന്നും സണ്ണി ജോസഫ് അറയിച്ചു.കേരളത്തിലെ മുതിർന്ന നേതാക്കൻമാർ, സഹപ്രവർത്തകർ, ണികൾ അനുഭാവികൾ, തുടങ്ങിയ എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |