ഇടുക്കി: ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമിഉത്സവം നാളെനടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തപ്പെടുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്നാട് രീതികളിൽ പൂജകൾ നടക്കും.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരുക്ഷേത്രങ്ങളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ചടങ്ങുകൾ ആരംഭിക്കും. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായിട്ടാകും ചിത്രപൗർണ്ണമി ഉത്സവം നടത്തുന്നത്.
ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ, പൂജാസാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ രാവിലെ നാല് മണിക്ക് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ടിൻ ഷീറ്റുപയോഗിച്ച് രണ്ട് പന്തലുകൾ,ബാരിക്കേഡ് എന്നിവയുടെ നിർമ്മാണം, ക്ഷേത്ര പരിസരം വൃത്തിയാക്കൽ, ക്ഷേത്രക്കുളം ശുചീകരിക്കൽ, എക്സ്‌വേറ്റർ വെഹിക്കിൾ, റിക്കവറി വാൻ, അസ്‌കലൈറ്റ് എന്നിവയുടെ സജ്ജീകരണം തുടങ്ങിയവയും പൂർത്തിയാക്കി.
ഉത്സവദിവസം കരടിക്കവല മുതൽ മംഗളാദേവിവരെയുള്ള സ്ഥലങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രപരിസരത്തും വനമേഖലയിലും ഡ്രോണുകൾ ഉപയോഗിക്കാൻ പാടില്ല.
കുമളി വണ്ടിപ്പെരിയാർ എന്നീ പി.എച്ച്.സി കളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ഉണ്ടാകും.
കുടിവെള്ളത്തിന്റെ ഗുണമേൻമ പരിശോധന വാട്ടർ അതോറിറ്റി നടത്തും.ഉത്സവ ദിവസം കുമളിയിലും പരിസരപ്രദേശത്തും തടസ്സമില്ലാതെ കുടിവെള്ള ലഭ്യതക്കുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതും അതോറിറ്റിയാണ്. കുമളിയിലെയും പരിസരപ്രദേശങ്ങളിലെയും കടകളിൽ ഭക്ഷണ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നുണ്ടോ, വിലവിവരപട്ടിക പ്രദർശിപ്പിച്ചുണ്ടോ എന്നത് സപ്ലൈ ഓഫീസർ പരിശോധിക്കും.
അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ , പ്ലാസ്റ്റിക് കവറുകൾ എന്നിവ അനുവദിക്കില്ല. ഉച്ചതിരിഞ്ഞ് 2.30 വരെ മാത്രമേ കുമളിയിലെ വനംവകുപ്പിന്റെ ചെക്‌പോസ്ര് വഴി തീത്ഥാടകക്കാരെ അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |