ചേലക്കര : മുൻ നിലമ്പൂർ എം.എൽ.എ: പി.വി.അൻവറിന്റെയും മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർത്ഥിയായിരുന്ന എൻ.കെ.സുധീറിന്റെയും തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം കേട്ട് വീട് പൊളിച്ച കുടുംബങ്ങൾ ഇപ്പോൾ പെരുവഴിയിൽ. ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ മത്സരിപ്പിച്ചപ്പോൾ ചേലക്കരയിൽ ആയിരം വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പി.വി.അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനായി നാലായിരത്തോളം അപേക്ഷകളും സ്വീകരിച്ചു. മണ്ഡലത്തിൽ ഏതാനും വീടുകളുടെ നിർമ്മാണവും തുടങ്ങിയിരുന്നു. വാഗ്ദാനം വിശ്വസിച്ച് ഉണ്ടായിരുന്ന വീടുകൾ പൊളിച്ച കുടുംബങ്ങളാണ് ഇപ്പോൾ പെരുവഴിയിലായത്. ആറോളം കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. പ്രായപൂർത്തിയായ പെൺമക്കളടങ്ങുന്ന കുടുംബം ഇപ്പോൾ ടാർപ്പായ മേഞ്ഞ താത്കാലിക ഷെഡിനുള്ളിൽ കഴിയുകയാണ്. നിർമ്മാണം തുടങ്ങിയ വീടുകളൊന്നും പൂർത്തിയായില്ല. ബന്ധപ്പെട്ട ആരേയും അൻവറിന്റെ സഹായികളെ ആരേയും ഇപ്പോൾ കാണാനില്ല. ഫോൺ വിളിച്ചാൽ എടുക്കാറുമില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള 15 കോർപ്പറേറ്റ് കമ്പനികൾ അവരുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 750 വീടുകൾക്ക് തുക നൽകുമെന്നും ഒമ്പത് പഞ്ചായത്തുകളിലായി ആയിരം വീടുകൾ നിർമ്മിക്കുമെന്നുമുള്ള അൻവറിന്റെ പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രമാണ് ആയുസുണ്ടായിരുന്നത്. അൻവർ എന്നെങ്കിലും വാക്ക് പാലിക്കും എന്ന വിശ്വാസത്തിലാണ് വീട് പൊളിച്ച പാവങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |