തൃശൂർ: സംസ്ഥാനത്ത് മാനസിക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയിലധികം. 2023ൽ വിവിധ ആശുപത്രികളിലായി 4.18 കോടി പേർ ചികിത്സ തേടിയപ്പോൾ കഴിഞ്ഞ വർഷം 9.17 കോടി പേരാണ് ചികിത്സ തേടിയത്. 16 വയസ് മുതൽ നിരവധി കുട്ടികളാണ് മാനസിക സമ്മർദ്ദവുമായി ഡോക്ടറെ കാണാനെത്തുന്നത്.
കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണവും കൂടി. സംസ്ഥാനത്തെ ജനസംഖ്യയിൽ മാനസികരോഗമുള്ളവരുടെ ശതമാനം നേരത്തെ 14.4 ആയിരുന്നത് 18.4 ശതമാനമായും വർദ്ധിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ പേർ ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. കൂടുതൽ പേരെത്തിയത് മലപ്പുറത്താണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് മാനസിക രോഗാശുപത്രികളുള്ളതെങ്കിലും ഒട്ടുമിക്ക മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ നൽകുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല. തൃശൂർ പടിഞ്ഞാറെക്കോട്ട, കുതിരവട്ടം, ഊളംപാറ എന്നിവിടങ്ങളിലാണ് മാനസിക രോഗികളെ ചികിത്സിക്കാനായി ആശുപത്രികളുള്ളത്. വിവിധ സർക്കാർ ആശുപത്രികളിൽ കടുത്ത മാനസിക രോഗവുമായി വരുന്നവരെ കിടത്തി ചികിത്സിക്കാവുന്ന കുറച്ച് കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
ചികിത്സയ്ക്കെത്തിയവർ
മലപ്പുറം
2023 - 1,45,101
2024 - 1,53,231
തിരുവനന്തപുരം
2023 - 44,876
2024 - 1,28,892
തൃശൂർ
2023 - 36,475
2024 - 98,856
മയക്കുമരുന്നിനും മദ്യപാനത്തിനും അടിമകളായവരിൽ മാനസിക പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിലും പ്രധാനമായും കുടുംബപശ്ചാത്തലവും വിഷാദ രോഗവുമാണ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ. പാരമ്പര്യമായും വരാം. അണുകുടുംബങ്ങളായതും ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നതും മാനസികമായി തളർത്തും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ മറ്റുള്ളവരുമായി സങ്കടം പങ്കുവയ്ക്കാൻ കഴിയുമെന്നതായിരുന്നു കൂട്ടുകുടുംബത്തിന്റെ പ്രത്യേകത. ഇപ്പോൾ എല്ലാം മനസിലൊതുക്കുകയാണ്. ഇത് മാനസിക രോഗത്തിന് കാരണമാകുന്നു.
ഡോ.ഷൈനി ജോൺ
സൈക്യാട്രി വിഭാഗം (എച്ച്.ഒ.ഡി)
അമല മെഡിക്കൽ കോളേജ്.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക്
മാനസിക പിന്തുണ നൽകാൻ കേന്ദ്രം
തൃശൂർ : ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളിൽ ഇടപെടൽ നടത്താനും മാനസിക പിന്തുണ നൽകാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ തുറക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈംഗിക പീഡനങ്ങൾ, ശാരീരിക - മാനസിക -ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദം ലഘൂകരിക്കുകയാണ് ലക്ഷ്യം. എറണാകുളം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം പ്രവർത്തനമാരംഭിക്കുന്ന കേന്ദ്രം നാളെ രാവിലെ പത്തിന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പരും (1800 425 2147) കൗൺസിലർമാരുടെ സേവനവും ഇവിടെ ലഭിക്കും. പൊലീസ്, ആരോഗ്യ വകുപ്പുകളുടെ ഏകോപനവുമുണ്ടാകും. ട്രാൻസ്ജെൻഡർ വ്യക്തികൾ തന്നെയാണ് സെന്റർ പ്രവർത്തിപ്പിക്കുക. 24.75 ലക്ഷം ചെലവഴിച്ചാണ് കെട്ടിട നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതെന്നും നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 34 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |