തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്ളസ് വൺ അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 20.
ട്രയൽ അലോട്ട്‌മെന്റ് - മേയ് 24, ആദ്യ അലോട്ട്‌മെന്റ് - ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് - ജൂൺ 10 മൂന്നാം അലോട്ട്‌മെന്റ് : ജൂൺ 16 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലായ് 23 ന് പ്രവേശനം അവസാനിപ്പിക്കും.
പരിശോധിച്ച് ഉറപ്പുവരുത്തിയ സീറ്റ്‌മെട്രിക്സ് പ്രകാരമാണ് പ്രവേശനമെന്ന് സ്‌കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. അൺഎയ്ഡഡ് സ്‌കൂളുകളിലെ ഓരോ കോഴ്സിലേയും ഓരോ ബാച്ചിലെയും ആകെ സീറ്റുകളിൽ 40 ശതമാനം മെരിറ്റ് അടിസ്ഥാനത്തിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിന് മെരിറ്റ് അടിസ്ഥാനത്തിലും എട്ട് ശതമാനം പട്ടികവർഗവിഭാഗത്തിന് മെരിറ്റ് അടിസ്ഥാനത്തിലും പ്രവേശനം ഉറപ്പാക്കണം.
60 ശതമാനം സീറ്റുകളിൽ മെരിറ്റ്, സംവരണതത്വം എന്നിവ പാലിക്കേണ്ടത് സ്‌കൂൾഅധികൃതരുടെ ഉത്തരവാദിത്തമാണ്.
ബാക്കിയുള്ള 40 ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകൾക്കാണ്.
പട്ടികജാതി/പട്ടികവർഗ അപേക്ഷകരില്ലാത്തപക്ഷം ഒഴിവുള്ള സീറ്റുകൾ മെരിറ്റടിസ്ഥാനത്തിൽ നികത്താം.
സ്‌കൂൾതലത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിർദ്ദിഷ്ട ഷെഡ്യൂൾ അനുസരിച്ച് മാത്രമേ പ്രസിദ്ധീകരിക്കാനും അഡ്മിഷൻ ആരംഭിക്കാനും പാടുള്ളൂ. മുഖ്യഘട്ട പ്രവേശനങ്ങൾ ജൂൺ 10 മുതൽ 17 വരെയും സപ്ലിമെന്ററിഘട്ട പ്രവേശനം ജൂൺ 18 മുതൽ ജൂലായ് 16 വരെയും ആണ്. പ്രവേശനങ്ങളുടെ ഗ്രേഡ് പോയിന്റ് അടക്കമുള്ള വിശദാംശങ്ങൾ സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
ഉപരിപഠനസാദ്ധ്യത ഉറപ്പാക്കും
എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനസാദ്ധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. റാങ്ക് ലിസ്റ്റിൽ എസ്.എസ്.എൽ.സി രജിസ്റ്റർനമ്പർ, വിദ്യാർത്ഥിയുടെ പേര്, ജെൻഡർ ജനനത്തീയതി, കാറ്റഗറി, ഡബ്ല്യൂ.ജി.പി.എ., റാങ്ക് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിന് വിരുദ്ധമായുള്ള പ്രവേശനങ്ങൾ പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദ് ചെയ്യാനും പൊതുവിദ്യാഭ്യാസഡയറക്ടർക്ക് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എസ്.എസ്.എൽ.സി വിജയികൾക്ക്
സർക്കാരിന്റെ കരിയർ ഗൈഡൻസ്
തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് തുടർപഠന സാദ്ധ്യതകൾ പരിചയപ്പെടുത്താനായി സർക്കാരിന്റെ കരിയർ ഗൈഡൻസ് പ്രോഗ്രാം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി
സ്കൂളുകളിൽ മേയ് 13ന് രാവിലെ 10 മുതൽ ഒരു മണി വരെയാണ്
ആഫ്ടർ ടെൻത് ഫോക്കസ് പോയിന്റ് എന്ന ഓറിയന്റേഷൻ പ്രോഗ്രാം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമീപപ്രദേശത്തെ ഹയർ സെക്കൻഡറി സ്കൂളിൽ പങ്കെടുക്കാം.
പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 13ന് രാവിലെ 9.30 ന് നടക്കും.
ഓർമ്മിക്കാൻ...
എൽ എൽ.ബി
പ്രവേശന പരീക്ഷ
പഞ്ചവത്സര,ത്രിവത്സര എൽ എൽ.ബി കോഴ്സിലേക്കുള്ള അപേക്ഷ 19ന് ഉച്ചയ്ക്ക് 12വരെ നൽകാം. പ്രവേശന പരീക്ഷ ജൂൺ ഒന്നിന് നടക്കും. ഫോൺ:- 0471 2525300,2332120, 2338487
കെ-മാറ്റ് പരീക്ഷ
എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് 19ന് ഉച്ചയ്ക്ക് 12വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. പരീക്ഷ മേയ് 31നാണ്. ഫോൺ :0471 – 2525300 , 2332120, 2338487
സെറ്റ് അപേക്ഷ
ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
എം.പി.ഇ.എസ്,ബി.പി.എഡ് പ്രവേശനം
തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മീബായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ നടത്തുന്ന എം.പി.ഇ.എസ്, ബി.പി.എഡ് കോഴ്സ് പ്രവേശനത്തിന് ജൂൺ 19 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.Incpe.ac.in.
ബാംഗ്ളൂർ സ്പെഷ്യൽ സെപ്തംബർ വരെ നീട്ടി
തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂർ എസ്.എം.വി.ടി വരെ നടത്തിയിരുന്ന എ.സി സ്പെഷ്യൽ ട്രെയിൻ സർവ്വീസ് സെപ്തംബർ വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബാംഗ്ളൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് കൊച്ചുവേളിയിലെത്തും. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15നാണ് മടക്കസർവ്വീസ്. പിറ്റേന്ന് രാവിലെ 7.30ന് ബാംഗ്ളൂരിലെത്തും.ട്രെയിൻ നമ്പർ 06555/06556.രണ്ട് സെക്കൻഡ് എ.സി കോച്ചുകളും 16 തേർഡ് എ.സി കോച്ചുകളുമാണുള്ളത്.വർക്കല,കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശേരി,കോട്ടയം,എറണാകുളം ടൗൺ,ആലുവ,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |