കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബംഗ്ളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വാഹനത്തിൽ കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ടുപേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ തുകയുമായി രണ്ടുപേർ പിടിയിലായത്.സംഭവത്തിൽ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
പടം..........
കൊണ്ടോട്ടിയിൽ നിന്നും പൊലീസ് പിടികൂടിയ കുഴൽപ്പണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |