തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്ക്കാരം കേരള സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പി.എ.ഉമ്മറിന് നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒരുലക്ഷം രൂപയും ഫലകവും അടങ്ങിയ അവാർഡ് ഇന്ന് എറണാകുളത്ത് നടക്കുന്ന അന്തർദ്ദേശീയ സഹകരണ ദിനാഘോഷ ചടങ്ങിൽ മന്ത്രി നൽകും.
അരനൂറ്റാണ്ടുകാലം സഹകരണ മേഖലയിൽ പ്രവർത്തിച്ച സഹകാരിയാണ് പാലക്കാട് സ്വദേശി പി.എ.ഉമ്മർ.
അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിക്കും.
മികച്ച പ്രവർത്തനം നടത്തുന്ന സംഘങ്ങൾക്കുള്ള കോഓപ്പ് ഡേ പുരസ്‌കാരംഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് നൽകും. പത്ത് വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ മുപ്പതോളം സംഘങ്ങൾക്കും പുരസ്ക്കാരം നൽകും.
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 9.30ന് നടക്കുന്ന സെമിനാർ നബാർഡ് ചെയർമാൻ ഷാജി. കെ.ബി ഉദ്ഘാടനം ചെയ്യും.സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു വിഷയാവതരണം നടത്തും.സഹകാരികളായ കരകുളം കൃഷ്ണപിള്ള,പി.കെ.ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |