ന്യൂഡൽഹി : അതിർത്തി സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പഠിക്കുന്ന നൂറിൽപ്പരം മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ അഭയമൊരുക്കി കേരള ഹൗസ്. വെള്ളിയാഴ്ച രാത്രിയും ഇന്നലെയുമായി എത്തിയ വിദ്യാർത്ഥികൾക്ക് താമസ - ഭക്ഷണ സൗകര്യമൊരുക്കി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ വിദ്യാർത്ഥികളെ സന്ദർശിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു സംഘം കേരള - ദുരന്തോ എക്‌സ്‌പ്രസ് ട്രെയിനുകളിലായി എത്തും.
ഇവരുടെ ടിക്കറ്റ് സർക്കാർ തലത്തിലെ ഇടപെടലിലൂടെ ഉറപ്പാക്കുകയായിരുന്നു. വിമാന ടിക്കറ്ര് ബുക്ക് ചെയ്‌തവർ ഇന്ന് നാട്ടിലേക്ക് മടങ്ങും. ജമ്മു കാശ്‌മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന സർവകലാശാലകളിൽ പഠിക്കുന്നവരാണിവർ. കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 400ൽപ്പരം പേർ ഇതുവരെ വിളിച്ചു. 130ൽപ്പരം വിദ്യാർത്ഥികൾക്കും മലയാളി ടൂറിസ്റ്റുകൾക്കും ജമ്മുവിൽ താമസവും ഒരുക്കിയിട്ടുണ്ട്.
പിറന്നാൾ ആഘോഷവും
മൂന്നു വയസുകാരി വാമിക വിനായകിന് ഇന്നലെ മറക്കാനാകാത്ത ജന്മദിനാഘോഷം ആയിരുന്നു. ജമ്മു കാശ്‌മീരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്‌ക്കിടെ വാമികയും അമ്മ വിജയശ്രീയും കേരള ഹൗസിൽ വിശ്രമിക്കുമ്പോഴാണ് അവിടെയുണ്ടായിരുന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം പിറന്നാൾ വിവരം അറിയുന്നത്. ഉടൻ ഓൺലൈനിലൂടെ കേക്ക് വാങ്ങി വാമികയ്‌ക്ക് സർപ്രൈസ് ഒരുക്കി. കുഞ്ഞുകണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി. ജമ്മു കാശ്‌മീരിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വാമികയുടെ പിതാവ് അഖിൽ വിനായകിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന സാഹചര്യമല്ല. ഇന്നലെ രാത്രിയിലെ കേരള എക്‌സ്‌പ്രസിൽ വാമിക അമ്മയ്‌ക്കൊപ്പം സ്വദേശമായ ആലപ്പുഴയ്‌ക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |