കോട്ടയം : തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് കവർച്ച നടത്തി മരുമകനും, കാമുകിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കോട്ടമുറി ചിറയിൽ മോനു, ഒറ്റക്കാട് പുതുപ്പറമ്പിൽ അബീഷ്, കോട്ടമുറി പുതുപ്പറമ്പിൽ അനില എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9 ന് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതിൽ വീട്ടിൽ കുഞ്ഞമ്മയുടെ (78) വീട്ടിലാണ് സംഭവം. കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ടരപ്പവൻ മാലയും, മൊബൈൽ ഫോണും, പതിനായിരം രൂപയും കവർച്ച ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, അടുപ്പമുള്ള ആളുകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോനുവിനെ പിടികൂടിയത്. കുഞ്ഞമ്മയുടെ മകളുടെ ഭർത്താവായ അബീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു കവർച്ച. കടം ചോദിച്ച മോനുവിനോട് അച്ഛമ്മയുടെ കഴുത്തിൽ കിടക്കുന്ന മാല മോഷ്ടിച്ചാൽ പണം നൽകാമെന്ന് അബീഷ് പറഞ്ഞു. മാലയുമായി പെരുന്ന സ്റ്റാൻഡിലെത്തിയ മോനു സ്വർണ്ണവും പണവും അബീഷിന് കൈമാറി. സ്വർണ വില്പനക്കാരൻ സെയ്ഫിന്റെ കൈയ്യിൽ കൊടുത്തു. ഒന്നര ലക്ഷത്തോളം രൂപ വാങ്ങി. 100000 രൂപ അബീഷിന്റെ കാമുകി അനിലയ്ക്കും നൽകി. പ്രതികളിൽ നിന്ന് മാല വിറ്റ പണവും മൊബൈൽ ഫോണും കണ്ടെടുത്തു. തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സിബിമോൻ, മനോജ്, ആന്റണി, മണികണ്ഠൻ, ആന്റണി വിക്ടർ, ശ്രീകുമാർ, സജീവ്, ബിജു, ജസ്റ്റിൻ, അനീഷ്, ജസ്റ്റിൻ, ഷീജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |