ഇസ്ലാമാബാദ്: യുവദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബാബോ ബീബി, അഹ്സാൻ ഉല്ലാ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബങ്ങളുടെ സമ്മതമില്ലാതെ ദമ്പതികൾ വിവാഹിതരായതാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു കൊലപാതകം.
വീഡിയോയിൽ ഒരു കൂട്ടം ആളുകൾ എസ്‌യുവിയിലും പിക്കപ്പ് ട്രക്കുകളിലും എത്തുന്നത് കാണാം. അതിൽ നിന്ന് അവർ ദമ്പതികളെ പുറത്തിറക്കുന്നുണ്ട്. യുവതിയുടെ മുഖം ഷാൾ ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ആൾക്കൂട്ടത്തിലെ ഒരാൾ യുവതിക്ക് ഖുർ ആൻ നൽകുന്നത് കാണാം. തുടർന്ന് യുവതി ഒരു വിജനമായ കുന്നിലേക്ക് നടന്നുപോകുന്നുണ്ട്. പ്രാദേശിക ബ്രഹവി ഭാഷയിലാണ് യുവതി സമീപത്ത് നിന്ന ഒരു പുരുഷനോട് സംസാരിച്ചത്.
തന്നോടൊപ്പം ഏഴ് ചുവടുകൾ നടക്കൂവെന്നും അതിനുശേഷം നിങ്ങൾക്ക് എന്നെ വെടിവയ്ക്കാമെന്ന് യുവതി പറയുന്നുണ്ട്. നിനക്ക് എന്നെ വെടിവയ്ക്കാൻ മാത്രമേ കഴിയുകയുളളൂവെന്നും കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും യുവതി കൊല്ലാൻ വന്ന യുവാവിനോട് പറയുന്നുണ്ട്. തുടർന്ന് യുവാവ് യുവതിയുടെ മുതുകിലായി വെടിവയ്ക്കുകയായിരുന്നു. മൂന്നാമത് വെടിവച്ചതിനുശേഷമാണ് യുവതി നിലത്തുവീണത്.
തുടർന്നുളള വീഡിയോയിൽ ബാബോ ബീബിയുടെ മൃതദേഹത്തിന് സമീപം ഭർത്താവും മരിച്ചുകിടക്കുന്നത് കാണാം. ഇത് കണ്ട ജനക്കൂട്ടം ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. മേയിൽ ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാകിസ്ഥാന് പുറത്തും കടുത്ത പ്രതിഷേധനമുണ്ടായി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ 13 പേരിൽ ആദിവാസി നേതാവും യുവതിയുടെ സഹോദരനും ഉൾപ്പെട്ടതായി പൊലീസ് മേധാവി നവീദ് അക്തർ പറഞ്ഞു.
യുവതിയുടെ സഹോദരന്റെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാൽ ഗോത്ര മൂപ്പനായ സർദാർ സതക്സായിയാണ് ദമ്പതികളെ കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം വരെ രാജ്യത്ത് കുറഞ്ഞത് 405 ദുരഭിമാന കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |