കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ വന്‍ കുതിപ്പ്
കൊച്ചി: പ്രാരംഭച്ചെലവ് കൂടുതലാണെങ്കിലും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ യാത്രാമാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് വൈദ്യുത വാഹനങ്ങള്‍ പ്രിയങ്കരമാകുന്നു. 2024ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 22 ശതമാനം വൈദ്യുത വാഹനങ്ങള്‍ വിറ്റഴിക്കാനായത് വിപണിയിലെ വളര്‍ച്ചയുടെ സൂചനയാണ്.
ചാര്‍ജിംഗിനും പരിപാലനത്തിനുമുള്ള ചെലവുകള്‍ കുറവായതിനാല്‍ വൈദ്യുത വാഹനങ്ങള്‍ ഭാവിയില്‍ നിരത്തുവാഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ഇന്റേണല്‍ കമ്പസ്റ്റന്‍ എന്‍ജിന്‍ (ഐ.സി.ഇ.) വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ചെലവാണ് ആകര്‍ഷണം. പരിവാഹന്റെ കണക്ക് പ്രകാരം 2024 കലണ്ടര്‍ വര്‍ഷത്തില്‍ 89,000ത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചു. 22 ശതമാനം വര്‍ദ്ധനവ്.
നിര്‍മ്മാതാക്കളുടെയും സര്‍ക്കാര്‍ സംരംഭങ്ങളുടെയും പിന്തുണയും ഉപഭോക്താക്കളുടെ താല്പര്യവും വില്‍പ്പനയിലെ ഉണര്‍വിന് കരുത്തായി. ബാറ്ററി വില കുറയുന്നതിനാല്‍ വാങ്ങാനുള്ള ചെലവ് താഴുന്നു.
ആകര്‍ഷണങ്ങള്‍
1.പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, സി.എന്‍.ജി. വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറവാണ്.
2. വൈദ്യുത വാഹനം ചാര്‍ജ് ചെയ്യുന്നത് ഐ.സി.ഇ. വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിനേക്കാള്‍ ലാഭകരമാണ്.
3. ചലിക്കുന്ന ഭാഗങ്ങള്‍ കുറവായതിനാല്‍ അറ്റകുറ്റപ്പണി ചെലവ് കുറവാണ്. മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ലാഭകരവുമാണ്.
4. പെട്രോള്‍, ഡീസല്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിലോമീറ്ററിന് കുറഞ്ഞ ഊര്‍ജ ചെലവാണുള്ളത്.
ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭം
മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തനച്ചെലവ് കുറവാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലും കുറയുമെമെന്നാണ് വിലയിരുത്തുന്നത്. പെട്രോളിന് 6,50,912, ഡീസലിന് 4,56,404, ഹൈബ്രിഡിന് 4,73,947, സി.എന്‍.ജി.ക്ക് 3,78,625 രൂപ വീതം ശരാശരി പ്രതിവര്‍ഷ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനകീയ മോഡലായ ടാറ്റാ നെക്‌സണ്‍ ഇ.വിക്ക് 1,77,458 രൂപയാണ് ചെലവെന്ന് ടാറ്റാ ഇ.വിയുടെ പഠനത്തില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |