റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇപ്പോഴും ഓർക്കുന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. 1986ൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായിരുന്നില്ല. തമിഴ് നടിയായിരുന്ന പ്രിയയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ പ്രിയയുടെ സിനിമാജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
'ഒരു ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു കർപ്പകവല്ലി. അപ്പോഴാണ് മോഹൻലാൽ പറഞ്ഞിട്ട് അവരെ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിക്കുന്നത്. അഡ്വാൻസ് കൊടുക്കുന്ന സമയത്ത് എല്ലാവരുടെയും കാൽ തൊട്ട് വന്ദിച്ചതിനുശേഷമാണ് അവർ പോയത്. അവരുടെ പേര് പ്രിയ എന്നാക്കി. അന്ധയായ പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു പ്രിയയുടേത്. അവർ മനോഹരമായി അത് അവതരിപ്പിച്ചു. ആ ചിത്രത്തിലെ അവസാനത്തെ ഗാനം ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്. അതുകൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇപ്പോഴും പ്രിയയുണ്ട്. അത് ഏവർഗ്രീൻ ഗാനമാണ്.
ആ ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ചിത്രത്തിന്റെ ഡബിംഗ് കഴിഞ്ഞപ്പോഴാണ് മോഹൻലാൽ ആ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹവും പണം തന്ന് സഹായിച്ചു. മറ്റുളളവരുടെ വിഷമം മനസിലാക്കുന്നയാളാണ് മോഹൻലാൽ. ചിത്രത്തിന്റെ വിജയം പ്രിയക്ക് നല്ലൊരു പേര് ഉണ്ടാക്കിക്കൊടുത്തു. നിരവധി ചിത്രങ്ങളിൽ അവർക്ക് അവസരവും ലഭിച്ചു. തമിഴിൽ അന്നത്തെ സൂപ്പർനായകൻ കാർത്തിക്കിന്റെ നായിക വരെയായി. പിന്നീട് വീണ്ടും മോഹൻലാലിന്റെയും സുരേഷ്‌ഗോപിയുടെയും നായികയായെങ്കിലും മുൻപ് ലഭിച്ച പ്രശസ്തി അവർക്ക് നിലനിർത്താൻ കഴിഞ്ഞില്ല.
അന്നത്തെ കാലത്ത് ഷക്കീല അഭിനയിച്ച പോലുളള ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചത് അവരുടെ കരിയറിനെ ബാധിച്ചു. ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടോ സാമ്പത്തികബുദ്ധിമുട്ട് കാരണമോ ഉപദേശങ്ങൾ കൊടുക്കാൻ ആളില്ലാത്തതുകൊണ്ടോ ആയിരിക്കാം അതൊക്കെ സംഭവിച്ചത്. ചിലർ അങ്ങനെയുളള ചിത്രങ്ങളിൽ നിന്ന് മാറിപോയിട്ടുമുണ്ട്. പ്രിയയുടെ ജീവിതത്തിൽ ഇത്തരത്തിലുളള മോശം അനുഭവങ്ങൾ ഉണ്ടായിരുന്നതായി എനിക്കറിയാം. സിനിമയിൽ നല്ലൊരു കരിയർ ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. അവർ ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുകയാണ്'-ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |