കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധമില്ലാത്ത കേസുകളിൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. പട്ടികജാതിക്കാരിയായ സഹപ്രവർത്തകയെ ജാതീയമായി അധിക്ഷേപിച്ചെന്നും കുടുക്കാൻ വ്യാജരേഖ ചമച്ചെന്നും വിചാരണക്കോടതി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ റിവ്യൂ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ദുരുപയോഗം, അധിക്ഷേപം തുടങ്ങിയ പ്രവൃത്തികൾ കൃത്യനിർവഹണവുമായി ബന്ധമില്ലാത്തതാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെന്ന് കണ്ടെത്തിയ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരായിരുന്ന വി.ടി. ജിനു, എം.എസ്. വിജയൻ എന്നിവർ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു. ഒന്നാംപ്രതി ജിനു മരിച്ചതിനാൽ വിജയന്റെ വാദങ്ങളാണ് ഹൈക്കോടതി കേട്ടത്.
പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ നിലവിൽക്കുമെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച്, വിചാരണക്കോടതി വിധി ശരിവച്ചു. തുടർനടപടികൾക്കുള്ള സ്റ്റേ ഒഴിവാക്കുകയും ചെയ്തു. 2013 ഒക്‌ടോബർ 7നാണ് കേസിനാസ്പദമായ സംഭവം. ജാതി അധിക്ഷേപമടക്കം നടന്നതായി പ്രോസിക്യൂഷൻ സാക്ഷികൾ സ്ഥിരീകരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവോടെ രണ്ടാംപ്രതിയുടെ വിചാരണയ്ക്ക് വഴിയൊരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |