കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് ഫോൺ വിളിച്ച് ഐ.എൻ.എസ് വിക്രാന്തിന്റെ ലൊക്കേഷൻ അന്വേഷിച്ചയാളെ 48 മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനെ ഇയാൾ ഫോൺചെയ്ത് ലൊക്കേഷൻ തേടിയത്. പ്രതിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കുറ്റം ചുമത്തും.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യമാകെ ജാഗ്രത കടുപ്പിച്ചിരിക്കെയായിരുന്നു രാഘവനെന്ന വ്യാജപ്പേരിലുള്ള ഇയാളുടെ ഫോൺവിളി. നാവികസേന വിവരം ഉടൻ പൊലീസിന് കൈമാറി. മുജീബ് ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുജീബിനെ കൊച്ചിയിൽ എത്തിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മാനസിക പ്രശ്‌നമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നുമാണ് മുജീബിന്റെ കുടുംബം പൊലീസിനെ അറിയിച്ചത്. ഇയാളുടെ മാനസികാര്യോഗനില പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് പൊലീസ്. ഫോൺ വിളിച്ചതായി മുജീബ് സമ്മതിച്ചിട്ടില്ല.
മുജീബിന് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മുജീബിന്റെ ഫോൺ പരിശോധനയ്‌ക്ക് അയയ്‌ക്കും. ഇയാളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസന്വേഷണവുമായി സഹകരിക്കുമെന്നും ശക്തമായ സുരക്ഷാ സംവിധാനമാണ് ദക്ഷിണ നാവിക ആസ്ഥാനത്തുള്ളതെന്നും നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |