തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവും പാർട്ടി പുനഃസംഘടയും നടന്നു കഴിഞ്ഞാൽ വിഴുപ്പലക്കലെന്നത് കേരളത്തിലെ കോൺഗ്രസിൽ ആഴത്തിൽ പതിഞ്ഞു പോയ ശീലമാണ്. ഈ കീഴ് വഴക്കത്തിന് മാറ്റമുണ്ടാവുന്നുവെന്ന സുചനയാണ് കെ.പി.സി.സിയുടെ നേതൃമാറ്റത്തിലൂടെ വ്യക്തമാവുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വം കാട്ടിയ ഉറപ്പും ഇച്ഛാശക്തിയുമാണ് പൊട്ടലും ചീറ്റലുമില്ലാത്ത ഒരു മാറ്റത്തിലേക്ക് വഴിതെളിച്ചത്.
പുതിയ നേതാക്കളുടെ ചുമതലയേൽക്കൽ ചടങ്ങിൽ അതൃപ്തിയുടെ കാര്യമായ ശബ്ദങ്ങൾ കേൾക്കാനായില്ല. അടുത്തടുത്ത് രണ്ട് തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരുന്ന കോൺഗ്രസിന് പുതിയൊരു ദിശാബോധവും ആത്മവിശ്വാസവും പകരാനും ഈ മാറ്റം വഴിവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അടുത്ത കാലത്ത് നേതൃമാറ്റത്തെച്ചൊല്ലി കോൺഗ്രസിൽ ഉടലെടുത്തിരുന്ന അസ്വാരസ്യങ്ങളിൽ യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ചില്ലറ നീരസമുണ്ടായിരുന്നു. ചില കക്ഷികൾ ഇക്കാര്യം കോൺഗ്രസിലെ ചില നേതാക്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒരുവിധ അപസ്വരങ്ങളുമില്ലാതെ നേതൃമാറ്റം പൂർത്തിയായതോടെ ഘടകകക്ഷികൾക്കും കോൺഗ്രസിനോടുള്ള സമീപനത്തിൽ കാതലായ മാറ്റമുണ്ടാവുമെന്നതിൽ തർക്കമില്ല.
തുടർച്ചയായി അധികാരത്തിൽ നിന്ന് അകറ്റി നിറുത്തപ്പെട്ടതിന്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥ നേതാക്കൾക്ക് ബോദ്ധ്യപ്പെട്ടതാണ്. സമരമുഖങ്ങളിൽ ഇറങ്ങുന്ന വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലെ നേതാക്കൾക്കും അണികൾക്കും സമീപകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മറക്കാവുന്നതല്ല. പടലപ്പിണക്കവുമായി പരസ്പരം മത്സരിച്ച് തോൽക്കുന്ന ഒരു സ്ഥിതി ഇനി ഒരിക്കൽ കൂടി താങ്ങാൻ കഴിയില്ലെന്നത് മിക്കവർക്കും ബോദ്ധ്യമുള്ളതുമായിരുന്നു. എന്നിട്ടും പഠിച്ചുപോയ ശീലം മാറ്റാൻ വിമുഖത കാട്ടിയിടത്താണ് ഹൈക്കമാൻഡ് വടിയെടുത്തത്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തതോടെ മറ്റു പോംവഴിയില്ലെന്നത് സംസ്ഥാന നേതാക്കളും തിരിച്ചറിഞ്ഞു.
അനുഭവ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള നേതൃത്വമാണ് ഇപ്പോൾ വന്നിട്ടുള്ളത്. . ഇനിയും ചില മാറ്റങ്ങൾ വരുമെന്നാണ് സൂചന. ഡി.സി.സി തലത്തിലുള്ള പുനഃസംഘടനയ്ക്കും ഇപ്പോഴത്തെ തീരുമാനം കരുത്തേകും.ചില വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണ്ട പോലെ കിട്ടുന്നില്ലെന്ന സത്യം നിലനിൽക്കുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന സൂചനയും പുതിയ തീരുമാനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |