തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് (38) ജീവപര്യന്തം കഠിനതടവും 15ലക്ഷം രൂപ പിഴയും വിധിച്ചു. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ വൃദ്ധയെയും മഴുകൊണ്ട് വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധികതടവുമുണ്ട്. പിഴത്തുക കേസിലെ ഒന്നാംസാക്ഷിയും കേഡലിന്റെ മാതൃസഹോദരനുമായ ജോസ് സുന്ദരത്തിന് നൽകാനും ആറാം അഡിഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചു വർഷം കഠിന തടവും 1,00,000 രൂപ പിഴയും. വീടിന് കേടുപാട് വരുത്തിയതിന് ഏഴു വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മാർത്താണ്ഡം നേശമണി കോളേജ് റിട്ട. ഹിസ്റ്ററി പ്രൊഫസർ നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ 117-ാം നമ്പർ വസതിയിൽ രാജ തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ. ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ഡോ. കരോളിൻ (25), ജീൻ പത്മയുടെ വലിയമ്മയുടെ മകൾ ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. 2017 ഏപ്രിൽ 5നും 6നുമായിരുന്നു കൊലപാതകങ്ങൾ. സൗദി, ബ്രൂണെ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള കാർഡിയോളജിസ്റ്റായിരുന്നു ഡോ. ജീൻ പദ്മ. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. 2024 നവംബർ 13ന് കേസിൽ വിചാരണ തുടങ്ങി. 65 ദിവസം നീണ്ടു. 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 120 രേഖകളും 90 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
സാത്താൻ സേവ പൊളിഞ്ഞു
കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരം വിട്ട് സ്വർഗ്ഗത്തിലേക്ക് പോകുന്ന സാത്താൻ സേവയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് താൻ കൊലപാതകം നടത്തിയതെന്നാണ് കേഡലിന്റെ കുറ്റസമ്മത മൊഴി. വീട്ടുകാരുടെ നിരന്തര അവഗണനയാണ് കാരണമെന്ന് പിന്നീട് മൊഴിമാറ്റി. കേഡലിന് ചിത്തഭ്രമമുണ്ടെന്ന് ആദ്യം പരിശോധിച്ച മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ ഹാജരായി.
അരുംകൊല അറിഞ്ഞത്?
മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിക്കവേ വീടിനാകെ തീപിടിച്ചു. ഇതോടെയാണ് അരും കൊല പുറം ലോകമറിഞ്ഞത്. വീടിന്റെ രണ്ടാമത്തെ നിലയിൽ വച്ച് മഴുകൊണ്ട് വെട്ടിയും കഴുത്തറുത്തുമായിരുന്നു കൊലപാതകങ്ങൾ. പിന്നീട് പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി ടോയ്ലറ്റിലിട്ട് കത്തിച്ചു. അതിനിടെ തീ ആളിപ്പടർന്ന് പ്രതിക്ക് പൊള്ളലേറ്റു. തുടർന്ന് ചെന്നൈലേക്ക് കടന്ന പ്രതി തിരുവനന്തപുരത്ത് തിരികെ എത്തിയപ്പോഴാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |