സൈക്കോളജി പഠന വിഭാഗം നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൈക്കോളജി പഠന വിഭാഗം നടത്തിയ പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ് (2023 24 ബാച്ച്) റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൈക്കോളജി പഠന വിഭാഗം നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ് (2021 22 ബാച്ച്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം – റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിൽ നടത്തും.
കേരള യൂണി. തമിഴ് സെമിനാർ:
ഐ.ബി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ തമിഴ് വിഭാഗം ദേശീയ താത്പര്യത്തിന് വിരുദ്ധമായി സെമിനാർ നടത്താനൊരുങ്ങിയതിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) അന്വേഷണം. ഐ.ബി ഉദ്യോഗസ്ഥർ ഇന്നലെ രജിസ്ട്രാർ ഓഫീസിലെത്തി വിശദീകരണം ആരാഞ്ഞു. കാര്യവട്ടത്തെ തമിഴ് വിഭാഗത്തിലും അന്വേഷണമുണ്ടാവും. കഴിഞ്ഞ 9ന് നടത്താനിരുന്ന സെമിനാർ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ തടഞ്ഞിരുന്നു.
'ജനനായകം' എന്ന തമിഴ് പ്രസിദ്ധീകരണത്തിൽ വന്ന പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സെമിനാർ. ഭീകരാക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുള്ള ലേഖനമാണിത്. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. വിവാദ ലേഖനം ആസ്പദമാക്കിയുള്ള ചർച്ച തന്റെ അറിവോടെയല്ലെന്നും ഗവേഷക വിദ്യാർത്ഥിയാണ് സംഘടിപ്പിച്ചതെന്നും തമിഴ് വിഭാഗം മേധാവി രജിസ്ട്രാർക്ക് വിശദീകരണം നൽകിയിരുന്നു. തെറ്റു മനസിലാക്കിയ വിദ്യാർത്ഥി ഖേദപ്രകടനം നടത്തിയിരുന്നു. ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം. സെമിനാറിനെക്കുറിച്ച് വി.സി ഗവർണറെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഐ.ബി അന്വേഷണം.
സിൻഡിക്കേറ്റിൽ ഒരു
മണിക്കൂർ ബഹളം
തമിഴ് സെമിനാർ വി.സി തടഞ്ഞതിനെച്ചൊല്ലി സിൻഡിക്കേറ്റ് യോഗത്തിൽ ബഹളമുണ്ടായി. ഇടത്, കോൺഗ്രസ് അംഗങ്ങൾ വിസിക്കെതിരേ രംഗത്തെത്തി. സെമിനാർ തടഞ്ഞതും അതേക്കുറിച്ച് വി.സി പരസ്യമായി പ്രതികരിച്ചതുമാണ് അംഗങ്ങൾ ചോദ്യം ചെയ്തത്. സെമിനാറും ലേഖനവും രാജ്യ വിരുദ്ധമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ സെമിനാർ നടത്തിയിരുന്നെങ്കിൽ സർവകലാശാലയ്ക്ക് ഉണ്ടാവുമായിരുന്ന ചീത്തപ്പേര് ഇല്ലാതാക്കുകയാണ് വി.സി ചെയ്തതെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. വിദ്യാർത്ഥി തെറ്റു മനസിലാക്കി മാപ്പു പറഞ്ഞതോടെ കാര്യങ്ങൾ വ്യക്തമായെന്ന് വി.സിയും പറഞ്ഞു. ഒരു മണിക്കൂറോളം അംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദവും ബഹളവും തുടർന്നു.
മൂല്യനിർണയം: കേരളയിലെ
അദ്ധ്യാപകർക്ക് പ്രതിഫലം
തിരുവനന്തപുരം: ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന സ്വാശ്രയ കോളേജുകളിലേതടക്കം അദ്ധ്യാപകർക്ക് പ്രതിഫലം നൽകാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. യു.ജി.സി സ്കെയിലിൽ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർക്ക് ഉത്തരക്കടലാസ് മൂല്യനിർണയം ജോലിയുടെ ഭാഗമാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഇതോടെ 3വർഷത്തോളമായി മൂല്യനിർണയം നടത്തുന്നവർക്ക് പ്രതിഫലം നൽകിയിരുന്നില്ല. പഠിപ്പിക്കുന്ന അത്രയും വിദ്യാർത്ഥികളുടെ പേപ്പറുകൾക്ക് പുറമെയുള്ളവയ്ക്ക് പ്രതിഫലം നൽകാനാണ് തീരുമാനം.
പ്രതിഫലം നൽകുന്നതിനെ അക്കൗണ്ടന്റ് ജനറലും (എ.ജി) നേരത്തേ എതിർത്തിരുന്നു. എന്നാൽ പ്രതിഫലം കിട്ടാത്തതിനാൽ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് സ്വീകരിക്കാനും തിരികെ നൽകാനും അദ്ധ്യാപകർക്ക് മടിയാണ്. ലഭിക്കാനുള്ള പണം കിട്ടാതെ ഉത്തരക്കടലാസ് തിരികെ നൽകില്ലെന്ന് തമിഴ്നാട്ടിലെ അദ്ധ്യാപിക നിലപാടെടുത്തിരുന്നു. പേപ്പറൊന്നിന് മുപ്പത് രൂപ നിരക്കിലാണ് മൂല്യനിർണയത്തിന് പ്രതിഫലം. ഇതിനുള്ള തുക പരീക്ഷാഫീസിനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നുണ്ട്.
സ്വാശ്രയ കോളേജുകളിൽ യു.ജി.സി സ്കെയിലിൽ ശമ്പളം നൽകുന്നില്ല. മാത്രമല്ല എൽ.എൽ.ബി, എം.ബി.എ കോളേജുകൾ മിക്കതും സ്വാശ്രയ മേഖലയിലാണ്. മൂല്യനിർണയത്തിന് സ്വാശ്രയകോളേജുകളിലെ അദ്ധ്യാപകരെ കൂടുതലായി ആശ്രയിക്കേണ്ടി വരുമായിരുന്നു.എം.ബി.എ, എൽ.എൽ.ബി, എൻജിനിയറിംഗ് പരീക്ഷകളുടെ മൂല്യനിർണയത്തിലാണ് ഏറ്റവും പ്രശ്നമുണ്ടായിരുന്നത്. മിക്കതിലും അദ്ധ്യാപകരെ കിട്ടാത്ത സ്ഥിതിയാണ്. കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ സ്വാശ്രയ രീതിയിലാണ് എൻജിനിയറിംഗ് കോഴ്സ് നടത്തുന്നത്. അവിടത്തെ അദ്ധ്യാപകരും താത്കാലിക അടിസ്ഥാനത്തിൽ നിയമിതരായവരാണ്. എൽ.എൽ.ബി കോഴ്സിൽ പുനർമൂല്യനിർണയത്തിന് കേരളത്തിന് പുറത്തുള്ള അദ്ധ്യാപകരെയാണ് നിയോഗിക്കാറുള്ളത്.
കലോത്സവം
മേയ് 31നകം
യൂണിവേഴ്സിറ്റി കലോത്സവം മേയ് 31നകം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പുതുതായി ചുമതലയേറ്റ യൂണിയനാണ് കലോത്സവം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |