ന്യൂഡൽഹി: തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകൾ വൻതോതിൽ റദ്ദാക്കി ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇന്ത്യ - പാക് സംഘർഷത്തിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ ഫ്ലൈറ്റ് - ഹോട്ടൽ ബുക്കിംഗുകളും നിർത്തിവച്ചതായി ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കമ്പനിയുടെ സഹസ്ഥാപകനായ പ്രശാന്ത് പിറ്റിയാണ് ഇരുരാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ വൻതോതിൽ റദ്ദാക്കുന്നതായി ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
തുർക്കിയിലേക്ക് യാത്ര ബുക്ക് ചെയ്‌തവരിൽ 22 ശതമാനം പേരും അസർബൈജാനിലേക്ക് ബുക്ക് ചെയ്‌തതിൽ 30 ശതമാനം പേരും യാത്ര റദ്ദാക്കിയിരുന്നു. കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തത്. ഓരോ യാത്രക്കാരിൽ നിന്നും 70,000 രൂപ കണക്കാക്കിയാൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്. ഇന്ത്യക്കാർ പണം ചെലവഴിക്കുന്നത് എവിടെയാണെന്ന് അറിയണം. പാകിസ്ഥാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുകയും ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെയും പാകിസ്ഥാനെയും പിന്തുണച്ചുകൊണ്ട് പല രാജ്യങ്ങളും മുന്നോട്ടുവന്നു. അതിനിടെയാണ് പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തുർക്കി മുന്നോട്ടുവന്നത്. സംഘർഷത്തിനിടെ പാകിസ്ഥാൻ പ്രയോഗിച്ച ഒട്ടുമുക്കാലും ഡ്രോണുകളും ആയുധങ്ങളുമെല്ലാം തുർക്കി നിർമിച്ചതായിരുന്നു. ഇതിനെയെല്ലാം ഇന്ത്യൻ സൈന്യം നിഷ്‌പ്രയാസം തകർത്തു. പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിലൂടെ തുർക്കി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |