ഒരു കുടുംബമോ വംശമോ പാരമ്പര്യമായി ആരാധിച്ചുവരാറുള്ള ദേവതയെ കുടുംബ ദേവത അഥവാ പരദേവത എന്ന് പറയുന്നു. പരദേവതയെ ഭരദേവത എന്നും പറയാറുണ്ട്. ഒരു കുലം അല്ലെങ്കിൽ വംശം ആരാധിക്കുന്നതിനാൽ ആ വംശത്തെ രക്ഷിക്കുന്ന ദേവത എന്ന അർത്ഥത്തിലാണ് ഭരദേവത എന്ന് വിളിക്കുന്നു. സാധാരണയായി ദേവനോ ദേവിയോ പരദേവതയായി അറിയപ്പെടാറുണ്ട്.
പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങൾ വിവിധ കുടുംബങ്ങളുടെ വക മാത്രമായിരുന്നു. അതിനാൽ ആ കുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അവിടെ ആചരിച്ചുവരികയും അങ്ങനെ വിവിധ ക്ഷേത്രങ്ങളിൽ ആരാധനാ രീതികൾ പ്രത്യേകമായി മാറുകയും ചെയ്‌തു.
പണ്ടുകാലത്ത് വിവിധ കുടുംബങ്ങളിലെ കാരണവർമാരോ അംഗങ്ങളോ ഏതെങ്കിലും ഗുരുക്കന്മാരുടെ ഉപദേശപ്രകാരമോ ദർശനത്താലോ ഏതെങ്കിലുമൊരു മൂർത്തിയെ ആരാധിച്ചു തുടങ്ങും. പിന്നീട് ആ മൂർത്തി തന്നെയും തന്റെ സന്തതി പരമ്പരകളെയും രക്ഷിക്കുമെന്ന വിശ്വാസത്താൽ ഏതെങ്കിലുമൊരിടത്ത് കുടിവയ്‌ക്കും. ഇങ്ങനെ കുടിവയ്‌ക്കാൻ സമയം ഒരു ആചാര്യനും കാരണവരും കുടുംബാംഗങ്ങളും ദേവതയ്‌ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലും. ഞങ്ങളും ഞങ്ങളുടെ പരമ്പരകളും ഉള്ള കാലം ദേവതയെ വഴിപോലെ ആരാധിക്കുകയും ഭജിക്കുകയും ചെയ്യും എന്നാണ് സത്യപ്രതിജ്ഞ.
ഈ ദേവത പിന്നീട് ആ കുടുംബത്തിന്റെ ദേവത അഥവാ പരദേവത ആയി മാറുന്നു. പരദേവതയെ വേണ്ടരീതിയിൽ ആരാധിച്ചില്ലെങ്കിൽ ആപത്തുകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാം എന്ന് പൊതുവെ പറയുന്നു. പ്രായശ്ചിത്തം ചെയ്‌ത് ദേവതയെ പ്രീതിപ്പെടുത്തുകയാണ് പിന്നീട് ചെയ്യേണ്ടത്. ദേവതയുടെ അനുഗ്രഹം കുടുംബത്തിന് ഐശ്വര്യം നൽകുകയും അതുവഴി നല്ല സന്താനങ്ങളും സമ്പത്തും ഉണ്ടാകുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |