തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയാവാൻ കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്രം അന്തിമ പാനലിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുള്ള മൂന്നുപേരും സംസ്ഥാന സർക്കാരിന് അനഭിമതരെന്ന് സൂചന.
നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ്ഗുപ്ത എന്നിവരാണ് കേന്ദ്രപട്ടികയിൽ ഉൾപ്പെടാൻ സാദ്ധ്യത. കേന്ദ്രപട്ടികയിൽ നിന്നല്ലാതെ നിയമിക്കാനുമാവില്ല. ഉത്തർപ്രദേശ് അടക്കം പത്തു സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ ഇൻ-ചാർജ്ജ് ഡി.ജി.പിയെ നിയമിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. അനഭിമതർ വിരമിക്കുന്നതുവരെ ഇൻ-ചാർജ്ജ് ഭരണം തുടരാനാവും. ഇക്കാര്യം സർക്കാർ ആലോചിക്കുന്നുവെന്നാണ് സൂചന.
സീനിയോരിറ്റിയിൽ മൂന്നാമതുള്ള യോഗേഷ് ഗുപ്തയെയാണ് സർക്കാർ കണ്ടുവച്ചിരുന്നത്. ബിനാമി കമ്പനി ഇടപാടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചതോടെ അനഭിമതനായി. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് ഫയർഫോഴ്സിലേക്ക് തെറിപ്പിച്ചു. യോഗേഷിന്റെ വഴിയടഞ്ഞമട്ടാണ്. ഏറ്റവും സീനിയർ റോഡ്സുരക്ഷാ കമ്മിഷണറായ നിതിൻഅഗർവാളാണ്. ബി.എസ്.എഫ് മേധാവിയായിക്കെ പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ച സംഭവിച്ചതിനാൽ കേരളത്തിലേക്ക് മടങ്ങേണ്ടിവന്ന നിതിനോട് സർക്കാരിന് മമതയില്ല.
ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖറാണ് അടുത്തയാൾ. റവാഡയോട് മതിപ്പില്ലാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഐ.ബിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നതിനാൽ കേന്ദ്രത്തിന്റെ ആളാണോയെന്ന ആശങ്കയാണ് ഒന്നാമത്തേത്. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലായ റവാഡയെ മേധാവിയാക്കിയാലുണ്ടായേക്കാവുന്ന വിവാദമാണ് അടുത്തത്. തലശേരി എ.എസ്.പിയായിരിക്കെയാണ് അഞ്ചു സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് റവാഡ ഉത്തരവിട്ടത്. ജുഡിഷ്യൽ അന്വേഷണത്തിനുശേഷം ഏറെ പണിപ്പെട്ട് സർവീസിൽ തിരികെക്കയറിയ റവാഡ കേന്ദ്രസർവീസിലേക്ക് പോവുകയായിരുന്നു. തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, റവാഡയെ പൊലീസ്‌മേധാവിയാക്കിയാൽ രാഷ്ട്രീയമായി പ്രതിരോധത്തിലാവും.
കേന്ദ്രപട്ടിക ജൂണിൽവരും
മുതിർന്ന ആറ് ഐ.പി.എസുകാരുടെ പട്ടിക സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കൈമാറും. ഇതിൽനിന്നാണ് മൂന്നംഗപട്ടിക കേന്ദ്രം സംസ്ഥാനത്തിന് നൽകുക.
യു.പി.എസ്.സി ചെയർമാൻ, കേന്ദ്രആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ഡി.ജി.പി, ചീഫ്സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപട്ടിക തയ്യാറാക്കുന്നത്.
പരിചയസമ്പത്തടക്കം പരിഗണിച്ചാണ് മൂന്നുപേരെ കേന്ദ്രം തിരഞ്ഞെടുക്കുക. നിതിൻ അഗർവാളിനെ ഒഴിവാക്കിയാൽ മനോജ്എബ്രഹാം പട്ടികയിലുൾപ്പെടും. നിയമനത്തിനും സാദ്ധ്യതയുണ്ട്.
കേന്ദ്രത്തിന് അയയ്ക്കുന്ന പട്ടിക
(ബ്രാക്കറ്റിൽ വിരമിക്കുന്നത് )
1.നിതിൻ അഗർവാൾ...................................(2026ജൂലായ്)
2.റവാഡ ചന്ദ്രശേഖർ...................................(2026ജൂലായ്)
3.യോഗേഷ് ഗുപ്ത...........................................(2030ഏപ്രിൽ)
4.മനോജ് എബ്രഹാം....................................(2031ജൂൺ)
5.സുരേഷ് രാജ് പുരോഹിത്........................(2027ഏപ്രിൽ)
6.എം.ആർ.അജിത്കുമാർ............................(2028ജനുവരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |