തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ ചേരിതിരിഞ്ഞ് നടത്താൻ നിശ്ചയിച്ച സമരം വിലക്കി കെ.പി.സി.സി. സമരപരിപാടി നിറുത്തിവയ്ക്കാൻ ഔദ്യോഗിക, വിമത പക്ഷങ്ങളോട് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് നിർദ്ദേശിച്ചു.
ശമ്പളപരിഷ്കരണം നീട്ടി കൊണ്ടുപോകുന്നതിനും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം 17ന് ക്ളിഫ് ഹൗസിലേക്കും എ.എം.ജാഫർഖാന്റെ നേതൃത്വത്തിലുള്ള വിമതപക്ഷം 22ന് സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.
സർക്കാരിനെതിരെ ജീവനക്കാരെ മുഴുവൻ ഒരുമിച്ച് നിറുത്തി ശക്തമായ സമരങ്ങൾ നടത്തേണ്ട ഘട്ടത്തിൽ ചേരിതിരിഞ്ഞ് സമരം ചെയ്യുന്നത് ഗുണകരമാവില്ലെന്ന നിലപാടിലാണ് കെ.പി.സി.സി. പുതിയ നേതൃത്വം വന്നതിന് തൊട്ടുപിന്നാലെ സർവീസ് സംഘടനയിൽ ഭിന്നത വളരുന്നത് മോശം പ്രതിച്ഛായയ്ക്ക് കാരണമാവുമെന്നും വിലയിരുത്തി. എൻ.ജി.ഒ അസോസിയേഷനിലെ ഭിന്നത അവസാനിപ്പിക്കാൻ ഇടപെടൽ നടത്താനും കെ.പി.സി.സി നേതൃത്വം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |