കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിലൂടെ തിരിച്ചു വരവിന്റെ അന്തരീക്ഷത്തിലായ യു.ഡി.എഫിന് ഇനി വസന്ത കാലമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . എന്നാൽ രാഷ്ട്രീയ താത്പര്യമുള്ള മാദ്ധ്യമങ്ങൾ ഉൾപ്പെടെ ചിലർക്ക് കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള അജണ്ടയുണ്ട്. ആ വെള്ളം വാങ്ങി വച്ചാൽ മതി.
ഹെെക്കമാൻഡ് എല്ലാവരുമായും സംസാരിച്ചാണ് പുന:സംഘടന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മുൻ കെ.പി.സി.സി. പ്രസിഡന്റുമാരിൽ ചിലർ പോകാത്തത് അസൗകര്യങ്ങൾ മൂലമാണ്. അതിനെ അഭിപ്രായ വ്യത്യാസമായി വ്യാഖ്യാനിക്കേണ്ടതില്ല. സംസ്ഥാനത്ത് പട്ടികജാതി മന്ത്രിയില്ല. പാർട്ടികളിലും മതിയായ പ്രാതിനിദ്ധ്യമില്ല. കോൺഗ്രസിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നത് ആലോചിക്കും. പിണറായി സർക്കാർ ഒമ്പതു കൊല്ലം ചെയ്ത കാര്യങ്ങൾ എല്ലായിടത്തും പറഞ്ഞാൽത്തന്നെ യു.ഡി.എഫിന് 100 സീറ്റ് കിട്ടും.
ആശാ വർക്കർമാർക്ക് അഞ്ചു രൂപ കൂടുതൽ കൊടുക്കാനില്ലാത്ത സർക്കാരാണ് പി.എസ്.സി. അംഗങ്ങൾക്ക് ശമ്പളത്തിനു പുറമെ പെൻഷനും വർദ്ധിപ്പിച്ചതെന്ന് ചെന്നിത്തല. ആരോപിച്ചു.
ചർച്ച നേരത്തേ
ആകാമായിരുന്നു
പുന: സംഘടനയ്ക്ക് ശേഷം നടത്തിയ ചർച്ച അതിന് മുമ്പ് നടത്തിയിരുന്നെങ്കിൽ നന്നായിരുന്നുവന്ന് വി.എം. സുധീരൻ പറഞ്ഞു. തൃശൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തതിനാലാണ് ഡൽഹിയിലെ യോഗത്തിനെത്താതിരുന്നത്. മറ്റു നേതാക്കാൾ എത്താതിരുന്നത് എന്തു കൊണ്ടാണെന്ന് തനിക്കറിയില്ല. കേന്ദ്രത്തിലും കേരളത്തിലും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത് സഫലമാക്കാൻ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |