തിരുവനന്തപുരം: സ്കൂൾകുട്ടികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പല സ്ഥലങ്ങളിലും സ്വകാര്യബസുകൾ സ്കൂൾകുട്ടികളെ കയറ്റുന്നില്ലെന്ന് പരാതിയുണ്ട്. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിപുലമായ മുന്നൊരുക്കങ്ങളാണ് വകുപ്പ് നടത്തിയിട്ടുള്ളത്. കുട്ടികൾ സഞ്ചരിക്കുന്ന സ്വകാര്യവാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്‌കൂൾബസ് എന്നിവയ്ക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുന്നവരും ജലഗതാഗതം ഉപയോഗിക്കുന്നവരുമായ കുട്ടികളുടെ സുരക്ഷ സ്‌കൂൾതലത്തിൽ അവലോകനം ചെയ്യണം.തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റില്ലാത്ത സ്കൂളുകൾക്ക് പ്രവർത്തനാനുമതിയില്ലെന്നും മന്ത്രി അറിയിച്ചു.
മറ്റു നിർദ്ദേശങ്ങൾ
ക്ളാസ് ആരംഭിക്കുന്നതിനു മുൻപ് സ്കൂളും പരിസരവും വൃത്തിയാക്കണം
സ്‌കൂൾബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം നിചപ്പെടുത്തണം
വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർവാഹന വകുപ്പ് ഉറപ്പാക്കണം
കുട്ടികൾക്ക് ഇറങ്ങാനും കയറാനും ആവശ്യമായ സമയമുറപ്പാക്കണം.
ഫുട്‌ബോഡിൽ യാത്രചെയ്യുന്നത് നിർബന്ധമായി ഒഴിവാക്കണം
വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് ഉറപ്പാക്കണം
സ്കൂൾ സമയത്ത് ഹെവി വാഹനങ്ങളുടെ നിയന്ത്രണം സാദ്ധ്യമാക്കണം
ഉച്ചഭക്ഷണം
സ്കൂൾ തുറക്കുന്ന ദിവസം മുതൽ ഉച്ചഭക്ഷണം ഉറപ്പാക്കണം.
അടുക്കളയും പാത്രങ്ങളും ശുചിയുള്ളതും അണു വിമുക്തവുമാക്കണം
കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് അനിവാര്യം
ബോധവത്കരണം
ലഹരി, അക്രമവാസന തടയൽ, പരിസരശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്മ, പൊതുമുതൽ നശീകരണം, ആരോഗ്യപരിപാലനം, നിയമബോധവത്കരണം, മൊബൈൽ ആസക്തി തുടങ്ങിയവ സംബന്ധിച്ച് ജൂൺ രണ്ട് മുതൽ രണ്ടാഴ്ച 10-ാം ക്ലാസുവരെയുള്ളവർക്കും ജൂലായ് 18 മുതൽ ഒരാഴ്ച പ്ളസ് വണിനും പ്രത്യേക ക്ലാസുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |