തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യകേസിൽ പ്രതി കെഎൻ ആനന്ദകുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല ആനന്ദകുമാറിനെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ഇനിയും ജയിലിൽ തുടരും.
പകുതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ വാഗ്ദാനം ചെയ്ത് 500 കോടിയോളം തട്ടിപ്പ് നടത്തിയെന്നാണ് സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിനെതിരെ ഉള്ള കേസ്. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസാ കാതറിൻ ജോർജ്ജാണ് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. കണ്ണൂരിലെ തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ മാർച്ചിൽ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണെത്തിയതെന്നും സാമ്പത്തിക ഇടപാടുകളിൽ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്നുമുള്ള ആനന്ദകുമാറിന്റെ വാദം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ കോടതി അന്ന് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |