മസ്‌കറ്റ്: കണ്ണൂരിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ലോ കോസ്റ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ അന്താരാഷ്‌ട്ര റൂട്ടിനെ ഒമാൻ വിമാനത്താവളങ്ങൾ ഔദ്യോഗികമായി സ്വാഗതം ചെയ്‌തു.
ഈ ആഴ്‌ചയാണ് പുതിയ റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആഴ്‌ചതോറും മൂന്ന് വിമാന സർവീസുകളാണ് ഉണ്ടാവുക. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുകയും ഒമാനും കേരളവും തമ്മിലുള്ള വ്യോമ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകിയാണ് ഒമാൻ ഇൻഡിഗോയുടെ പുതിയ റൂട്ടിനെ സ്വാഗതം ചെയ്‌തത്.
അതേസമയം, ജൂൺ 16 മുതൽ ഇൻഡിഗോ ചെന്നൈയിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും 6E 1203 എന്ന വിമാനമാണ് ചെന്നൈയിൽ മസ്‌കറ്റിലേക്ക് പറക്കുക. രാത്രി 11.45ന് പുറപ്പെട്ട് പുലർച്ചെ 2.35ന് മസ്‌കറ്റിൽ എത്തിച്ചേരും. എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് വിമാനത്തിന്റെ മടക്ക യാത്ര. മസ്‌കറ്റിൽ നിന്ന് ഉച്ചയ്‌ക്ക് 1.50ന് പുറപ്പെട്ട് വൈകിട്ട് 6.45ന് ചെന്നൈയിലെത്തും. എല്ലാ സർവീസുകൾക്കും എയർബസ് വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. നിരക്കുകളും ഷെഡ്യൂളുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |