മനുഷ്യജീവി തന്നെയോ എന്നു പോലും സംശയം ജനിപ്പിക്കുന്ന വിധത്തിൽ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ഒരു സീനിയർ അഭിഭാഷകൻ, ജൂനിയർ അഭിഭാഷകയുടെ മുഖത്ത് ഏല്പിച്ച മർദ്ദനത്തിന്റെ തിണർത്തുപൊങ്ങിയ പാടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടാണ് കഴിഞ്ഞ ദിവസം കേരളം ഞെട്ടിയത്. ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ, മൂന്നു ദിവസത്തോളം നീണ്ട ഒളിവാസത്തിനൊടുവിൽ ഇന്നലെ സന്ധ്യയോടെ അഡ്വ. ബെയ്‌ലിൻ ദാസ് എന്ന 'മർദ്ദകവീരനെ" പൊലീസിന് പിടികൂടാനായത് ആശ്വാസം. അതുവരെയുള്ള സമയമത്രയും ഇയാൾ ബാർ അസോസിയേഷന്റെ സംരക്ഷണയിലായിരുന്നു എന്നാണ് വിവരം. മർദ്ദനമേറ്റ ജെ.വി. ശ്യാമിലി പരാതിയിൽ ഉറച്ചുനിൽക്കുകയും, സംഭവം വാർത്താപ്രാധാന്യം നേടുകയും, പിന്നാലെ മന്ത്രി പി. രാജീവ് ഉൾപ്പെടെ ഭരണകക്ഷി നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ശ്യാമിലിയുടെ നേർക്കുള്ള ഈ 'സീനിയർ ആക്രമണം" പുറംലോകം അറിയില്ലായിരുന്നു.
ഇടിമുറികളെപ്പോലും വെല്ലുന്ന വിധത്തിലാണ് പല സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ ജൂനിയർമാരോടുള്ള മനോഭാവവും പെരുമാറ്റവുമെന്ന് നേരത്തേതന്നെ പരാതികളുണ്ട്. അഭിഭാഷകരംഗത്തു തന്നെ തുടരേണ്ടതുണ്ടല്ലോ എന്നു കരുതി, സീനിയേഴ്സിനെയും അസോസിയേഷനെയും പേടിച്ച് ജൂനിയർമാർ അധിക്ഷേപവും വേദനയും മാനസികാഘാതവുമൊക്കെ പലപ്പോഴും ഉള്ളിൽ അടക്കിപ്പിടിക്കുകയേയുള്ളൂ. വഞ്ചിയൂരിലെ മർദ്ദനം വിവാദമായതോടെ, മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ അച്ചടക്ക നടപടിക്ക് തിരുവനന്തപുരം ബാർ അസോസിയേഷൻ ശുപാർശ നല്കുകയും, ബാർ കൗൺസിൽ ഇയാൾക്ക് കോടതികളിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വനിതാ കമ്മിഷനും കേസെടുത്തു. നിയമമേഖലയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സർക്കാർ ജൂനിയർ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം അവരെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു. പറഞ്ഞാൽ പോരാ, നീതി ലഭിക്കുംവരെ പൊലീസും സർക്കാരും പരാതിക്കാരിക്കൊപ്പംതന്നെ ഉണ്ടാകണം. അഡ്വ. ബെയ്‌ലിൻ ദാസിന് മാതൃകാപരമായ അച്ചടക്ക നടപടിയും ശിക്ഷയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന മോപ് സ്റ്റിക് കൊണ്ടാണ് സീനിയർ അഭിഭാഷകൻ യുവ അഭിഭാഷകയെ മർദ്ദിച്ചതെന്നാണ് തുടക്കത്തിൽ പുറത്തുവന്ന വിവരമെങ്കിലും, കൈകൊണ്ടുള്ള മർദ്ദനമെന്നാണ് പിന്നീട് ശ്യാമിലി മൊഴി നൽകിയിരിക്കുന്നത്. പക്ഷേ, വെറും കൈകൊണ്ട് അടിച്ചാൽ ഏല്ക്കുന്ന തരത്തിലുള്ള പരിക്കിന്റെയും ചതവുകളുടെയും പാടുകളാണോ യുവതിയുടെ കവിളത്ത് കാണുന്നതെന്ന് ആർക്കും സംശയം തോന്നും. കൈയിൽ മറ്റെന്ത് അന്യവസ്തു ഉണ്ടായിരുന്നിരുന്നെങ്കിലും അത്, അപകടം വരുത്തുന്ന ആയുധം ഉപയോഗിച്ചുള്ള മുറിവേല്പിക്കൽ എന്ന, ജാമ്യമില്ലാ വകുപ്പിൽ വരും. നേരത്തേ വ്യോമസേനയിലായിരുന്ന അഡ്വ. ബെയ്‌ലിൻ ദാസിന്റെ കൈകൾ അതുകൊണ്ടുതന്നെ പരുക്കനായതാണ് ഇത്ര കടുത്ത പരിക്കിനു കാരണമെന്ന് പരാതിക്കാരി വിശദീകരിക്കുന്നുണ്ട്. എങ്കിലും, അന്വേഷണത്തിന്റെ ഭാഗമായി അക്കാര്യത്തിലെ നിജസ്ഥിതി കൂടി പൊലീസ് തിരക്കേണ്ടതുണ്ട്.
തുച്ഛമായ പ്രതിഫലം മാത്രമുള്ള ജൂനിയർ അഭിഭാഷകരെക്കൊണ്ട് വീട്ടുജോലികൾ പോലും ചെയ്യിക്കുന്ന സീനിയേഴ്സിന്റെ കാടത്തം ചില സിനിമകളിൽ കണ്ടിട്ടുണ്ട്. അതൊന്നും കള്ളമല്ലെന്ന് പല ജൂനിയർ അഭിഭാഷകരും രഹസ്യമായി സമ്മതിക്കും. പരിശീലനത്തിനും പ്രൊഫഷണൽ പരിചയത്തിനുമായി സീനിയേഴ്സിനു കീഴിൽ ജോലി ചെയ്യുന്ന ജൂനിയർ അഭിഭാഷകർ അടിമപ്പണിക്കാരല്ല. സീനിയർ അഭിഭാഷകർ ആ പ്രൊഫഷനിലെ പരിചയസമ്പന്നരാകാം എന്നല്ലാതെ ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക പരിഗണനകൾക്ക് അർഹരുമല്ല. ഇപ്പോൾ ആരോപണവിധേയനായ അഡ്വ. ബെയ്‌ലിൻ ദാസ്, ഇതേ ജൂനിയർ അഭിഭാഷക ഗർഭിണിയായിരുന്ന വേളയിലും പെട്ടെന്ന് പ്രകോപിതനായി ഇതുപോലെ മർദ്ദിച്ചിട്ടുണ്ടത്രെ. അന്ന്, മറ്റാരും കാണാതിരുന്നതുകൊണ്ടാണ് പരാതിപ്പെടാതിരുന്നത് എന്നാണ് ശ്യാമിലി പറയുന്നത്. ഇത്തരം മൗനങ്ങളാണ് പിന്നീട് ക്രൂരമായ മർദ്ദനമുറകൾക്ക് സീനിയേഴ്സിന് ധൈര്യം പകരുന്നത്. എന്തായാലും, അഭിഭാഷക ഓഫീസുകളിൽ സീനിയർ- ജൂനിയർ ബന്ധത്തിന് പ്രത്യേക പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ ബാർ കൗൺസിൽ തയ്യാറാകണം. അറസ്റ്റിലായ അഡ്വ. ബെയ്‌ലിൻ ദാസിന് അർഹമായ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പഴുതുകളില്ലാതെ വകുപ്പുകൾ പൊലീസ് ചുമത്തുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |