ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിർണ്ണയിക്കാൻ സാധ്യമാണോ എന്ന വിഷയത്തിൽ ആധികാരികമായ അഭിപ്രായം അറിയുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് ജഡ്ജിമാർ മാത്രം ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് തമിഴ്നാട് ബിൽ കേസുകളിൽ പുറപ്പെടുവിച്ച വിധിയുടെ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ റഫറൻസ് .
സുപ്രീം കോടതിയും ഭരണഘടനയും
സുപ്രീം കോടതി വിധിയുടെ തലക്കെട്ട് തന്നെ സ്റ്റേറ്റ് ഓഫ് തമിഴ്നാട് വെഴ്സസ് ഗവർണർ എന്നാണ്. ഭരണഘടനയുടെ 300-ാം അനുച്ഛേദവും 154-ാം അനുച്ഛേദവും കൂട്ടി വായിക്കുമ്പോൾ ഒരു സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചുള്ള നിയമ നടപടികൾ ആ സംസ്ഥാനത്തെ ഗവർണറുടെ പേരിലാണ് എടുക്കേണ്ടത്. എന്നാൽ ഇവിടെ നടപടിക്രമങ്ങളിൽ ഗവർണർ എതിർ കക്ഷിയായി . ഭരണഘടനാ സാങ്കേതികത്വത്തിന്റെ വെളിച്ചത്തിൽ ഇത്തരത്തിലുള്ള ഹർജി തന്നെ ഭരണഘടനാനുസൃതമല്ല. ഒരു വ്യവഹാരത്തിലും ഗവർണറോ രാഷ്ട്രപതിയോ അവരുടെ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയിൽ മറുപടി നൽകാൻ അനുച്ഛേദം 361 അനുസരിച്ച് ബാധ്യസ്ഥരല്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ നേടിയെടുക്കന്നതിന് ഒരു വ്യക്തിക്കോ പൗരനോ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കുന്നതിന് നൽകിയിരിക്കുന്ന അവകാശമാണ് അനുച്ഛേദം 32-ൽ അടങ്ങിയിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഈ സവിശേഷ അധികാര പരിധി പൗരന്മാർക്കും സംഘടനകൾക്കും മാത്രം അവകാശപ്പെട്ടതാണെന്നിരിക്കെ , ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംസ്ഥാന സർക്കാരിന് 32-ാം അനുച്ഛേദപ്രകാരം ഹർജി ബോധിപ്പിക്കാമോ എന്ന വിഷയവും ഒരു ഭരണഘടനാ ബെഞ്ച് തീരുമാനിക്കേണ്ടതായിരുന്നു. ഉപരാഷ്ട്രപതി പറഞ്ഞത് പോലെ സുപ്രീം കോടതിക്ക് സുപ്രീം പാർലമെന്റാകാൻ കഴിയില്ല. പക്ഷേ ഭരണഘടന ഭേദഗതികൾ വ്യവഹാരമദ്ധ്യ നിർദ്ദേശിക്കുന്നതിന് കോടതിക്ക് തടസമില്ല.
ബില്ലുകളും സമയപരിധിയും
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ കഴിയുന്നതും വേഗത്തിൽ തീരുമാനമെടുക്കുന്നതിനു മാത്രമേ ഭരണഘടന നിഷ്കർഷിക്കുന്നുള്ളു. ബില്ല് പ്രസിഡന്റിന്റെ അംഗീകാരത്തിന് സമർപ്പിക്കുമ്പോൾ പ്രസിഡന്റ് ഒരു നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടന പറയുന്നില്ല. എന്നാൽ പ്രസിഡന്റ് ഭേദഗതി നിർദേശിച്ച് ബില്ല് തിരിച്ചയച്ചാൽ, ആ ബിൽ നിയമസഭ ആറു മാസത്തിനകം വീണ്ടും പരിഗണിക്കണമെന്ന് 200-ാം അനുച്ഛേദം വ്യക്തമാക്കുന്നു. ഒരു സമയബന്ധിത നടപടിക്രമം മേൽപ്പറഞ്ഞ കാര്യത്തിനു മാത്രമേ ഭരണഘടനയിൽ പ്രകടമായി നിർണയിച്ചിട്ടുള്ളു. എന്നാൽ അനിശ്ചിതമായി ബില്ലുകൾ അനുമതി കിട്ടാതെ കിടക്കുമ്പോഴുള്ള സന്ദർഭങ്ങൾ ഭരണഘടനാ നിർമ്മാണസഭയ്ക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതി ഉയർന്നു വന്നതും വിസ്മരിച്ചു കൂടാ. തമിഴ്നാട്ടിലുണ്ടായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ബില്ലുകളുടെ അംഗീകാര നടപടിക്രമങ്ങളിൽ സമയബന്ധിതക്രമം ആവശ്യമാണെന്നും അതിലേക്ക് ഭരണഘടനാ ഭേദഗതി അനിവാര്യമാണെന്നും നിരീക്ഷിച്ചുകൊണ്ട് സുപ്രീം കോടതിക്ക് ആ കേസ് അവസാനിപ്പിക്കാമായിരുന്നു. എങ്കിൽ ഇപ്പോഴത്തെ വിവാദങ്ങൾ പൂർണമായും ഒഴിവാക്കാമായിരുന്നു.
ഒരു സുപ്രധാന വിഷയത്തെ സംബന്ധിച്ച് സംശയമുണ്ടായാൽ സുപ്രീംകോടതിയുടെ അഭിപ്രായം തേടാൻ രാഷ്ട്രപതിക്ക് ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ച് അധികാരമുണ്ട്. പക്ഷേ ഈ അധികാരം പ്രയോഗിച്ച് തങ്ങളുടെ അഭിപ്രായം തേടണമെന്ന് കല്പിക്കാൻ കോടതിക്ക് അധികാരമില്ല. എന്നാൽ രാഷ്ട്രപതിയോട് അങ്ങനെ പോലും കല്പിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നാണ് തമിഴ്നാട് ബില്ല് കേസിൽ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന അനുച്ഛേദം 21 ന്റെ ചർച്ചയിൽ പങ്കെടുത്ത് ഡോ.ബി.ആർ. അംബേദ്കർ ഇങ്ങനെ പറഞ്ഞു: '' പാർട്ടിക്കാരായ നിയമനിർമ്മാതാക്കളാൽ നിറഞ്ഞിരിക്കുന്ന നിയമനിർമ്മാണ സഭകൾ മൗലിക തത്വങ്ങളിൽ നിന്നും വ്യതിചലിച്ചു നിയമങ്ങൾ നിർമ്മിക്കുന്ന സാഹചര്യം ഞാൻ മുൻകൂട്ടി കാണുന്നുണ്ട്. അതേസമയം , ആറോ ഏഴോ മാന്യന്മാർ ഫെഡറൽ കോടതിയിലോ സുപ്രീം കോടതിയിലോ ഇരുന്ന് അവരുടെ
വ്യക്തിയധിഷ്ഠിത മനഃസാക്ഷിയുടെയും മുൻവിധികളുടെയും പക്ഷഭേദത്തിന്റെയും അടിസ്ഥാനത്തിൽ നിയമങ്ങൾ നല്ലതെന്നും ചീത്തയെന്നും പ്രഖ്യാപിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. രണ്ടായാലും ചെകുത്താനും കടലിനുമിടയിലൂടെയുള്ള യാത്രയാണ്."
( കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |