തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങൾ സാമൂഹ്യപ്രശ്നമായി വളരുന്നതായി സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം അനാരോഗ്യകരമായ ബന്ധങ്ങളുടെ ദുരന്തഫലം അനുഭവിക്കുന്നത് കുട്ടികളാണെന്നും കമ്മിഷൻ വ്യക്തമാക്കി.
പക്വമായി ചിന്തിക്കേണ്ട 30 നും 45 നും ഇടയിലുള്ള പ്രായത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നതും അതിശയകരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹേതര ബന്ധങ്ങളുണ്ട്. മൊബൈൽ വഴിയാണ് പല ബന്ധങ്ങളും ഉടലെടുക്കുന്നതും വളരുന്നതും. വീടിന്റെ അന്തരീക്ഷത്തിൽ ഇത്തരം ബന്ധങ്ങൾ കണ്ടുവളരുന്ന കുട്ടികളിൽ വിവാഹത്തെക്കുറിച്ചും കുടുംബബന്ധത്തെക്കുറിച്ചും വികലമായ കാഴ്ചപ്പാടുകൾ വളരുമെന്ന് കമ്മിഷൻ ആശങ്കപ്പെട്ടു.
തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടൺ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം ഹാളിൽ രണ്ട് ദിവസമായി നടന്ന അദാലത്തിൽ 400 കേസുകളാണ് പരിഗണിച്ചത്. ചെയർപേഴ്സൺ പി.സതീദേവി, അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. 165 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു.
സൊമാറ്റോയിലെ ചൂഷണം: റിപ്പോർട്ട്
ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾ ലേബർ കമ്മിഷണർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നിർദ്ദേശിക്കുന്ന സമഗ്ര റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണം. ഈ വിഭാഗം തൊഴിലാളികൾക്കായി നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കുന്ന ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കണം.
സൊമാറ്റോ തൊഴിലാളികൾ കമ്മിഷനു സമർപ്പിച്ച പരാതിയിലാണ് നടപടി. 15 മണിക്കൂർ വരെ നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി.
പുലർച്ചെ രണ്ടു വരെ ജോലി ചെയ്യേണ്ടി വരുന്നു, കമ്പനി പരിഷ്കരിച്ച റേറ്റ് കാർഡിന്റെ സമയക്രമം കാരണം ഉറക്കമില്ലായ്മയും ശാരീരികപ്രശ്നങ്ങളും ഉണ്ടാകുന്നു തുടങ്ങിയവയും പരാതിയിലുണ്ട്. ഇത് ഇരുചക്ര വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
പത്തുവയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു
കാസർകോട്: ഫോണിൽ ആൺസുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത പത്തു വയസ്സുള്ള മകന്റെ ദേഹത്ത് ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച മാതാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു . കാസർകോട് പള്ളിക്കര കീക്കാനം സ്വദേശിനിക്കെതിരെ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന കള്ളാർ സ്വദേശി ആൺസുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുന്നത് പതിവായിരുന്നു. മകൻ ഇത് പിതാവിനോട് പറയുമെന്ന് പല കുറി പറഞ്ഞിട്ടും യുവതി പിന്മാറിയിരുന്നില്ല. ഇതിൽ മാനസികമായും ശാരീരികമായും കുട്ടിയെ യുവതി ഉപദ്രവിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഈ കുട്ടിയടക്കം രണ്ടുമക്കളെയും ഉപേക്ഷിച്ച് യുവതി ആൺ സുഹൃത്തിനൊപ്പം പോയത്. പിന്നാലെയാണ് കുട്ടിയോട് കാട്ടിയ ക്രൂരത പുറത്തുവന്നത്.ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |