തിരുവനന്തപുരം : ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി.കുമാർ ചെയർപേഴ്സണായാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. ആശമാരുടെ ഓണറേറിയം, സേവനകാലാവധി എന്നിവ സംബന്ധിച്ച് പഠിച്ച് സമിതി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഒരുവിഭാഗം ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്ന് സംഘടനകളുമായി മന്ത്രി നടത്തിയ ചർച്ചയിൽ സമിതി രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒടുവിൽ 38-ാം ദിവസമാണ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായത്. ഹരിത വി.കുമാറിനു പുറമേ ആരോഗ്യവകുപ്പ് അഡി.സെക്രട്ടറി ആർ.സുഭാഷ്, ധന, തൊഴിൽ വകുപ്പിൽനിന്ന് അഡി.സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ, എൻ.എച്ച്.എം സോഷ്യൽ ഡെവലപ്‌മെന്റ് മേധാവി കെ.എം.സീന എന്നിവരാണ് സമിതിയിലുള്ളത്.
100 ദിവസത്തോടടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആശമാർ രാപ്പകൽ യാത്ര നടത്തുന്നതിനിടെയാണ് സർക്കാർ സമിതി രൂപീകരിച്ചത്.
ഏപ്രിൽ 3ന് നടന്ന ചർച്ചയിലാണ് പ്രശ്നം പഠിക്കാൻ സമിതിയെ വയ്ക്കാമെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ നിലവിലുള്ള 7000 രൂപ ഓണറേറിയം വർദ്ധിപ്പിക്കണമെന്നും തുടർന്ന് സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്നുമാണ് സമരസമിതി അറിയിച്ചിരുന്നത്.
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്.
കാനായിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം: കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലുള്ള പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരിക്കും ചികിത്സാ ചെലവിന് പണം നൽകുക.
പൊലീസിന് ഇന്ധനകുടിശിക തീർക്കാൻ 46.8ലക്ഷം
തിരുവനന്തപുരം: പൊലീസിന്റെ ഇന്ധനകുടിശിക തീർക്കാൻ 46,80,948 രൂപ അനുവദിച്ചു. പൊലീസ് കൺസ്യൂമർ പമ്പിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് ഇന്ധനം വാങ്ങിയതിലെ കുടിശിക തീർക്കാനാണിത്. ഏപ്രിൽ ഒന്നു മുതൽ 17വരെയുള്ള കുടിശിക തുകയാണിത്.
പത്രപ്രവർത്തക പെൻഷൻ: തയ്യാറാക്കിയത് കരട് രൂപം
തിരുവനന്തപുരം:പത്രപ്രവർത്തകരുടെ പെൻഷൻ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് കരട് രൂപം മാത്രമാണെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ രൂപമാകൂയെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി.സുഭാഷ് അറിയിച്ചു.
പദ്ധതിയുടെ ഗുണഭോക്താക്കളുമായും സംഘടനകളുമായും മാദ്ധ്യമ സ്ഥാപനങ്ങളുമായും വിശദമായ ചർച്ചകൾ നടത്തും. ഉന്നതതല ചർച്ചകളും നടത്തേണ്ടതുണ്ട്.ഒരു ഫയലിൽ തയ്യാറാക്കിയ കരട് മാത്രമാണ് നിലവിൽ ഇത്. വിശദമായ ചർച്ചകൾക്കും പരിശോധനയ്ക്കും ശേഷമായിരിക്കും അന്തിമ മാർഗരേഖ തയ്യാറാവുകയെന്നും ഡയറക്ടർ അറിയിച്ചു.
32 വർഷം മുമ്പ് തയ്യാറാക്കിയ വ്യവസ്ഥകളാണ് നിലവിലെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയുടേത്. ഇത് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പത്രപ്രവർത്തകർക്ക് ലഭിക്കുന്ന വിധത്തിൽ പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |